17 March, 2020
വിറ്റാമിന്റെയും ഇരുമ്പിന്റെയും കലവറ; ബീറ്റ് റൂട്ട് തോരൻ ഉണ്ടാക്കുന്ന വിധം

ബീറ്റ് റൂട്ടിന്റെ ഗുണങ്ങൾ ഒരുപാടുണ്ട്. വിറ്റാമിൻ സിയുടെയും, ഇരുമ്പിന്റെയും മെഗ്നീഷ്യത്തിന്റെയും കലവറയാണ് ബീറ്റ് റൂട്ട്. മലയാളികളുടെ തീൻ മേശയിലെ തോരൻ വിഭവങ്ങളിൽ ഏറെ ഗുണമുള്ളതാണ് ബീറ്റ് റൂട്ട്. കൊളസ്ട്രോൾ ഒട്ടുമില്ലാത്ത, നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം, ഗർഭിണികളായ സ്ത്രീകൾക്കും ഏറെ ഉത്തമമാണ് ബീറ്റ് റൂട്ട്. കൂടുതലും തോരൻ രൂപത്തിലാണ് ബീറ്റ് റൂട്ട് പാചകം ചെയ്യുക. ബീറ്റ് റൂട്ട് തോരൻ എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം.
ചേരുവകള്‍
ബീറ്റ്റൂട്ട് – 1 എണ്ണം (വലുത്)
തേങ്ങ ചിരണ്ടിയത് – ½ കപ്പ്
ചെറിയ ഉള്ളി – 4 എണ്ണം
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 2 എണ്ണം
മഞ്ഞള്‍പൊടി – 1 നുള്ള്
കടുക് – ½ ടീസ്പൂണ്‍
കറിവേപ്പില – 1 ഇതള്‍
എണ്ണ – 1½ ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുകയോ, ചെറുതായി അരിയുകയോ ചെയ്യുക.
ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിയുക.
ഒരു നോണ്‍സ്റ്റിക് പാനില്‍ എണ്ണ ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക.
ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മഞ്ഞള്‍പൊടി, തേങ്ങ ചിരണ്ടിയത്, ബീറ്റ്റൂട്ട്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിയശേഷം 3 ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ത്ത് അടച്ചുവച്ച് 6-8 മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക.
പിന്നീട് തുറന്ന് വച്ച് ഇടവിട്ട് ഇളക്കി 2-3 മിനിറ്റ് വേവിക്കുക.
ബീറ്റ്റൂട്ട് തോരന്‍ തയ്യാര്‍.