17 March, 2020
ചായയോടൊപ്പം എളുപ്പത്തിൽ ഉണ്ടാക്കാം, മടക്കി പത്തിരി

വൈകുന്നേരം ചായയ്ക്കൊപ്പം എന്തെങ്കിലും പലഹാരം കൂടി ആഗ്രഹിക്കാത്തവര്‍ വളരെ കുറവാണ്. എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ആഹാരങ്ങളാകും ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ നോക്കുക. അത്തരത്തിൽ എളുപ്പം ഉണ്ടാക്കാൻ കഴിയുന്ന പത്തിരിയാണ് മടക്കി പത്തിരി. മടക്കിയെടുത്ത് ഉണ്ടാക്കുന്നത് കൊണ്ടാണ് ഇതിന് മടക്കി പത്തിരിയെന്ന പേര് വന്നത്.
ചേരുവകള്‍
ഗോതമ്പുപൊടി : ഒരു കപ്പ്
മൈദ : ഒരു കപ്പ്
നെയ്യ് : ആവശ്യത്തിന്
സണ്‍ഫ്ലവർ ഓയില്‍ : ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്
വെള്ളം : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടിയും മൈദയും വെള്ളവും ഉപ്പും ചേര്‍ത്ത് ചപ്പാത്തിയുടെ അയവില്‍ കുഴച്ചെടുക്കുക. ഇതില്‍നിന്ന് അത്യാവശ്യം വലുപ്പമുള്ള ഉരുളകളാക്കിയശേഷം ചപ്പാത്തി പോലെ പരത്തിയെടുക്കണം. ഇനി നെയ്യ് പുരട്ടി നാലായി മടക്കി, നാല് വശങ്ങളും കൂട്ടിപ്പിടിച്ച് നടുഭാഗത്തേക്ക് കൊണ്ടുവന്ന് വിരല്‍ കൊണ്ട് അമര്‍ത്തിയാല്‍ ചെറിയ ചതുരപ്പെട്ടി പോലെയാവും. അത് വലിയ ചതുരരൂപത്തിലേക്ക് പരത്തണം. ഫ്രൈയിങ് പാനില്‍ ഓയിലും കുറച്ച് നെയ്യുമൊഴിച്ച് ചൂടാകുമ്പോള്‍ പത്തിരി ഇട്ട് ഡീപ് ഫ്രൈ ചെയ്തെടുക്കാം.