24 July, 2020
ബട്ടര്‍മില്‍ക്ക് സാമ്പാര്‍

ചേരുവകള്‍;-
പച്ചക്കറികള്‍ക്ക്
വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
മുളക്പൊടി- അര ടീസ്പൂണ്‍
വെണ്ടക്കായ- 200 ഗ്രാം
ഉപ്പ്- പാകത്തിന്
പുളി നീര്- രണ്ട് ടേബിള്‍ സ്പൂണ്‍
വഴുതന, പകുതിയായി മുറിച്ചത്- അഞ്ച് എണ്ണം
സാമ്പാര്‍ കൂട്ട് തയ്യാറാക്കാന്‍
ഉഴുന്നുപരിപ്പ്- രണ്ട് ടേബിള്‍ സ്പൂണ്‍
സാമ്പാര്‍ പരിപ്പ്- രണ്ട് ടേബിള്‍ സ്പൂണ്‍
ജീരകം- അര ടേബിള്‍ സ്പൂണ്‍
ഉലുവ- അര ടീസ്പൂണ്‍
മല്ലി- അര ടീസ്പൂണ്‍
കുരുമുളക്- അര ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി- അഞ്ച് അല്ലി
ഇഞ്ചി- അല്പം
തേങ്ങ- അരമുറി
മഞ്ഞള്‍പ്പൊടി- അര ടേബിള്‍സ്പൂണ്‍
മുളകുപൊടി- അര ടേബിള്‍സ്പൂണ്‍
ഉപ്പ്- പാകത്തിന്
ശര്‍ക്കര- ഒരു കഷ്ണം
ബട്ടര്‍മില്‍ക്ക്- 200 ഗ്രാം
വറവലിന്
വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
കാശ്മീരി റെഡ് ചില്ലി- അഞ്ച്
കടുക്- ഒരു ടേബിള്‍സ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
ഉപ്പ്- പാകത്തിന്
തേങ്ങ- ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം;-
ഒരു പാന്‍ ചൂടാക്കി അതില്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ അല്പം ഉപ്പും ചേര്‍ത്ത് ഇളക്കാം. ഇനി അരിഞ്ഞു വച്ച വെണ്ടക്ക ഇതിലിട്ട് ഇളക്കാം. പുളിനീരും ചേര്‍ത്ത് നാല് അഞ്ച് മിനിറ്റ് വേവിക്കുക. ഇനി വഴുതനങ്ങ ചേര്‍ത്ത് പകുതി വേവുന്നതുവരെ വീണ്ടും ഇളക്കുക. ഇത് മാറ്റി വയ്ക്കാം.
ഇനി സാമ്പാര്‍ കൂട്ടിനുള്ള ചേരുവകളായ ഉഴുന്നുപരിപ്പ്, സാമ്പാര്‍ പരിപ്പ്, ജീരകം,ഉലുവ, മല്ലി, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, തേങ്ങ, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ഒരു പാനില്‍ വറുത്തെടുക്കാം. ഇനി ഇത് നന്നായി പൊടിച്ചെടുക്കണം. സാമ്പാര്‍ കൂട്ട് റെഡി.
പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് തയ്യാറാക്കിയ സാമ്പാര്‍ കൂട്ടും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ പുളിനീരും ഉപ്പും ശര്‍ക്കരയും ചേര്‍ത്ത് നന്നായിമിക്സ് ചെയ്യുക. ഇതിലേയ്ക്ക് അല്പാല്പമായി ബട്ടര്‍ മില്‍ക്ക് ചേര്‍ക്കാം. ഇനി പച്ചകറികളും ചേര്‍ത്ത് മിക്സ് ചെയ്ത് ചെറുതീയില്‍ തിളപ്പിക്കുക. തിളവന്നാല്‍ വറവലിനുള്ള സാധനങ്ങള്‍ ഒരു പാനില്‍ വറുത്ത് സാമ്പാറിന് മുകളില്‍ ഒഴിക്കാം.