25 July, 2020
ചിക്കന്‍ റോസ്റ്റ്

ചേരുവകള്‍;-
ചിക്കന്‍- ഒരു കിലോഗ്രാം
മഞ്ഞള്‍പ്പൊടി- കാല് ടീസ്പൂണ്‍
മുളകുപൊടി- കാല് ടീസ്പൂണ്‍
മല്ലിപ്പൊടി- കാല് ടീസ്പൂണ്‍
വിനാഗിരി- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി- അഞ്ച് അല്ലി
പച്ചമുളക്- അഞ്ചെണ്ണം
ഉപ്പ്- ആവശ്യത്തിന്
റോസ്റ്റ് ചെയ്യാന്‍
സവാള- മൂന്നെണ്ണം
തക്കാളി- ഒരെണ്ണം (തൊലി നീക്കി ചതച്ച് പേസ്റ്റ് രൂപത്തിലാക്കിയത്)
പച്ചമുളക് കീറിയത്- രണ്ടെണ്ണം
കറിവേപ്പില- മൂന്നല്ലി
ഗരം മസാല പൗഡര്‍- കാല് ടീസ്പൂണ്‍
കുരുമുളക് പൊടി- കാല് ടീസ്പൂണ്‍
ലെമണ്‍ ജ്യൂസ്- ഒരു നാരങ്ങയുടെ
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
ചിക്കന്‍ വൃത്തിയാക്കി മുറിച്ച് മീഡിയം വലുപ്പത്തിലുള്ള കഷ്ണങ്ങളാക്കുക. മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, വിനാഗിരി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇവ ചിക്കന്‍ കഷ്ണങ്ങളില്‍ നന്നായി പുരട്ടി ഒരു മണിക്കൂര്‍ വെക്കുക. ഇനി സവാള കനം കുറച്ച് അരിഞ്ഞെടുക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ഈ സവാള വാട്ടിയെടുക്കുക. ബ്രൈണ്‍ നിറമാകുമ്പോള്‍ എടുത്ത് മാറ്റിവെക്കുക. ഈ വെളിച്ചെണ്ണയില്‍ തന്നെ ചിക്കന്‍ കഷ്ണങ്ങള്‍ ഫ്രൈ ചെയ്യുക. ഫ്രൈ ചെയ്യുമ്പോള്‍ പാന്‍ മൂടിവെക്കണം. അതുവഴി ചിക്കന്‍ കഷ്ണങ്ങള്‍ ബ്രൗണ്‍ നിറമാകില്ല. ഉള്ള് നന്നായി വേവുകയും ചെയ്യും. നന്നായി വെന്തുകഴിഞ്ഞാല്‍ ചിക്കന്‍ കഷ്ണങ്ങള്‍ എടുത്ത് മാറ്റിവെക്കുക.
ഇനി ഈ പാനില്‍ വെളിച്ചെണ്ണ ബാക്കി ഇല്ലെങ്കില്‍ അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് പച്ചമുളക് കീറിയതും കറിവേപ്പിലയും ഇടുക. ഒരു മിനിറ്റ് നന്നായി വഴറ്റുക. ചിക്കന്‍ വേവിച്ച വെളിച്ചെണ്ണ ബാക്കിയുണ്ടെങ്കില്‍ അതില്‍ വഴറ്റിയെടുക്കുന്നതാണ് നല്ലത്. അപ്പോള്‍ രുചി കൂടും. ഇനി തക്കാളി പേസ്റ്റ് രൂപത്തിലാക്കിയത് ഇതിലേക്ക് ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. ഇനി നേരത്തെ തയ്യാറാക്കി മാറ്റിവെച്ച ചിക്കന്‍ കഷ്ണങ്ങള്‍ ഇതിലേക്ക് ചേര്‍ത്ത് ഡ്രൈ ആകുന്നതുവരെ നന്നായി റോസ്റ്റ് ചെയ്യുക. ചിക്കന്‍ കഷ്ണങ്ങളില്‍ തക്കാളി പേസ്റ്റ് നന്നായി പുരണ്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതിനുശേഷം ഇതിനുമുകളില്‍ ഗരം മസാലയും കുരുമുളക് പൊടിയും വിതറി നന്നായി മിക്സ് ചെയ്യുക. ഇനി അല്പം ലെമണ്‍ ജ്യൂസ് കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. ഉപ്പ് ആവശ്യത്തിന് ഉണ്ടോയെന്ന് നോക്കുക. ഇനി ഇതിലേക്ക് ഫ്രൈ ചെയ്ത സവാള കൂടി ചേര്‍ക്കുക. രുചികരമായ കേരള ചിക്കന്‍ റോസ്റ്റ് തയ്യാറായിക്കഴിഞ്ഞു.