9 August, 2020
ചോക്ലേറ്റ് ബൗണ്ടി

ചേരുവകൾ;-
1. ചോക്ലേറ്റ്- 200 ഗ്രാം
2. തേങ്ങാപ്പീര – 2 കപ്പ്
3. കണ്ടെൻസ്ഡ് മിൽക്ക് – അരക്കപ്പ്
4. ബട്ടർ/ വെളിച്ചെണ്ണ – രണ്ടോ മൂന്നോ ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം;-
കണ്ടെൻസ്ഡ് മിൽക്കും തേങ്ങയും കൂടി നന്നായി യോജിപ്പിക്കുക. അതിൽനിന്ന്, ചെറിയ ബോക്സ് ആകൃതിയിലുള്ള ബാറുകൾ ഉണ്ടാക്കിയെടുക്കുക. (ഇഷ്ടമുള്ള ആകൃതിയിൽ ചെയ്യാവുന്നതാണ്). ഇത് ഫ്രിഡ്ജിൽ തണുക്കാൻ വയ്ക്കുക. ബാറുകൾ തണുക്കുന്ന സമയം ചോക്ലേറ്റ് കോട്ടിങ് ഉണ്ടാക്കുക.
ചോക്ലേറ്റ് കോട്ടിങ്ങിനു വേണ്ടി ഒരു സോസ് പാനിൽ വെള്ളം തിളപ്പിക്കുക. അതിന്റെ മുകളിൽ ഒരു പാത്രം വെച്ച് അതിലേക്ക് എടുത്തുവെച്ചിരിക്കുന്ന ചോക്ലേറ്റ് ഇടുക. ചോക്ലേറ്റ് ഉരുകുംവരെ ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കുക. ഉരുകിവരുന്നില്ലെന്ന് തോന്നിയാൽ 2-3 ടേബിൾസ്പൂൺ ബട്ടർ, അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാവുന്നതാണ്.
ചോക്ലേറ്റ് കോട്ടിങ് ലൂസ് ആയിക്കഴിഞ്ഞാൽ വെള്ളത്തിന്റെ മുകളിൽനിന്ന് ഇറക്കിവയ്ക്കുക. ഫ്രിഡ്ജിൽനിന്ന് തണുക്കാൻവെച്ച ബാറുകൾ പുറത്തെടുക്കുക. അത് ഓരോന്നായി ഉരുകിയ ചോക്ലേറ്റ് കോട്ടിങ്ങിൽ മുക്കിയെടുക്കുക. കോട്ടിങ് ചെയ്ത ബാറുകൾ ഫ്രിഡ്ജിൽ 20-30 മിനിറ്റ് വീണ്ടും വെയ്ക്കുക.
അതിനുശേഷം പുറത്തെടുത്ത് രണ്ടാമതും ചോക്ലേറ്റ് കോട്ടിങ്ങിൽ മുക്കി ഫ്രിഡ്ജിൽ തണുക്കാനായി 30 മിനിറ്റ് വയ്ക്കുക. ബാക്കിയുള്ള ചോക്ലേറ്റ് കോട്ടിങ് ഉണ്ടാക്കിയ ചോക്ലേറ്റ് ബാറിന് മുകളിൽ ഡിസൈൻ ആയി ഒഴിക്കാവുന്നതാണ്. തണുത്തുകഴിഞ്ഞാൽ ബൗണ്ടി ചോക്ലേറ്റ് റെഡി.