9 August, 2020
മാങ്ങ ഉണ്ണിയപ്പം

ചേരുവകൾ;-
1. പച്ചരി – 2 കപ്പ്
2. നന്നായി പഴുത്ത മാങ്ങ തൊലികളഞ്ഞത് – 1 വലുത്
3. തേങ്ങാക്കൊത്ത് ചെറിയ കഷ്ണങ്ങൾ ആക്കിയത് – ആവശ്യത്തിന്
4. നെയ്യ് – 2 ടേബിൾസ്പൂൺ
5. ഏലക്കാപ്പൊടി – 1 ടീസ്പൂൺ
6. കറുത്ത എള്ള് – കുറച്ച്
7. ശർക്കര – 300 ഗ്രാം
8. ഉപ്പ് – ആവശ്യത്തിന്
9. വെള്ളം – ആവശ്യത്തിന്
10. വെളിച്ചെണ്ണ – പൊരിക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
പച്ചരി കഴുകി വൃത്തിയാക്കി 6 മണിക്കൂർ കുതിർത്തു വയ്ക്കുക. അതിനുശേഷം കുതിർന്ന പച്ചരി നന്നായി അരച്ചെടുക്കുക. വെള്ളം ആവശ്യത്തിന് മാത്രം ചേർത്താൽ മതി. അധികം മിനുസമായി അരയ്ക്കരുത്. ആദ്യ പകുതി അരച്ചുകഴിഞ്ഞ് മാറ്റി വയ്ക്കുക. ഇനി രണ്ടാം പകുതി പച്ചരി എടുത്ത് അരയ്ക്കുമ്പോൾ അതിൽ പഴുത്ത മാങ്ങാക്കഷ്ണങ്ങൾ ഇട്ട് അരച്ചെടുക്കുക.
എല്ലാം ഒരുമിച്ച് ഒരു പാത്രത്തിൽ ഒഴിച്ച് വയ്ക്കുക. വേറെ ഒരു പാത്രത്തിൽ കാൽ ഭാഗം വെള്ളം ഒഴിച്ച് ശർക്കര ഉരുക്കാൻ ചെറിയ തീയിൽ ഗ്യാസിൽ വയ്ക്കുക. ഉരുക്കിയ ശർക്കര അരിച്ചെടുത്ത് ചെറുചൂടോടെ മാമ്പഴ-പച്ചരി കൂട്ടിൽ ഒഴിച്ച് മിക്സ് ചെയ്യുക. അതിൽ നെയ്യിൽ വറുത്തെടുത്ത തേങ്ങാക്കൊത്തും ഏലക്കാപ്പൊടിയും ചേർത്ത് യോജിപ്പിക്കുക.
ഇതുപോലെ എള്ളും നെയ്യിൽ വറുത്ത് എടുക്കാം. എല്ലാം മിക്സ് ചെയ്ത് ഈ കൂട്ട് പൊങ്ങിവരാൻ ഒരു 8 മണിക്കൂർ എങ്കിലും അടച്ചു വയ്ക്കണം. ഇനി ഉണ്ണിയപ്പം ചട്ടിയിൽ വെളിച്ചെണ്ണ കുറച്ചൊഴിച്ച് അത് മീഡിയം തീയിൽ ചൂടാക്കാൻ വയ്ക്കുക. മാവൊഴിച്ച് പകുതി വെന്താൽ മറിച്ചിടുക. ബ്രൗൺ നിറമായാൽ മാറ്റാം. ഇനി ഓരോന്നായി എടുത്ത് അധികം ഉള്ള എണ്ണ പോകാനായി ടിഷ്യു വെച്ച പാത്രത്തിൽ ഇടുക. ഇതുപോലെ ബാക്കിയുള്ള കൂട്ടൊഴിച്ച് ഉണ്ണിയപ്പം ഉണ്ടാക്കുക. ചൂടോടെ കഴിക്കാം.