28 August, 2020
ശര്‍ക്കരവരട്ടി

ചേരുവകള്‍:-
ഇടത്തരം വാഴക്കായ :500gm
ശര്‍ക്കര :250gm
അരിപൊടി :3tbs
ചുക്ക് പൊടി :10gm
ജീരകപ്പൊടി :2tbs
ഏലയ്ക്ക പൊടി : 10 ഏലക്ക പൊടിച്ചത്
ഉപ്പ് : ആവശ്യത്തിന്
വെള്ളം : ആവശ്യത്തിന്
എണ്ണ : വറുക്കുവാന്‍
തയാറാകുന്ന വിധം:-
വാഴക്ക തൊണ്ടു കളഞ്ഞു വെള്ളത്തില്‍ കുറച്ച നേരം ഇട്ടുവയ്ക്കുക. ശേഷം കട്ടിയുള്ള ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഈ മുറിച്ചെടുത്ത കഷ്ണങ്ങള്‍ വെള്ളത്തിലിട്ട് കറ പോകുന്നത് വരെ നന്നായി കഴുകി എടുക്കുക.
ഒരു അര ഗ്ലാസ്സ് വെള്ളത്തില്‍ 1-11/2 tbs ഉപ്പിട്ട് വക്കുക. വലിയ ഉരുളിയിലോ ചീനച്ചട്ടിയിലോ എണ്ണ ഒഴിച്ചു ചൂടാക്കാന്‍ വക്കുക, ചൂടായാല്‍ അരിഞ്ഞു വൃത്തിയാക്കി വച്ചിരിക്കുന്ന കായ ഇടുക. ഒരു പപ്പട കമ്പിയോ തവിയോ വച്ച ഇടക്ക് ഇടക്ക് ഇളക്കി കൊടുക്കണം.
ഇടക്ക് ഇടക്ക് തയാറാക്കി വച്ചിരിക്കുന്ന ഉപ്പുവെള്ളം തളിച്ച കൊടുക്കണം. തുടര്‍ച്ചയായി ഇളക്കിയാല്‍ കട്ട പിടിക്കാതെ തന്നെ കായ എല്ലാം മൊരിഞ്ഞു കിട്ടും. മുറുകി തുടങ്ങിയാല്‍ ഒരു കഷ്ണം കായ എടുത്തു പൊട്ടിച്ച നോക്കുക, എളുപ്പത്തില്‍ പൊട്ടിയാല്‍ തയാറായെന്ന് അര്‍ഥം. ശേഷം കോരി എടുത്ത് ചൂടാറാന്‍ വക്കുക,ഒരു പേപ്പറില്‍ നിരത്തി ഇട്ടാല്‍ മതി.
ഒരു പാത്രത്തില്‍ (ഉരുളിയില്‍ )ശര്‍ക്കരയും 1 മുതല്‍ 1-1/ 2 കപ്പ് വെള്ളവും ചേര്‍ത്ത ഉരുക്കാന്‍ വക്കുക. നന്നായി ഉരുകി കഴിഞ്ഞാല്‍, വിരല്‍ കൊണ്ട് തൊട്ടു നോക്കി നൂല് പരുവമായോ എന്ന ഉറപ്പ് വരുത്തണം. അങ്ങനെയെങ്കില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കായ വറുത്തത് ഇതിലേക്കിട്ട് നന്നായി ഇളക്കുക.
കൂടെ ചുക്ക് പൊടി, ഏലക്ക പൊടി, ജീരക പൊടി എന്നിവ ചേര്‍ത്ത് കൊടുക്കുക. ഒരു 2 -3 tbs അരിപൊടി കൂടി ചേര്‍ത്ത നന്നായി ഇളക്കുക . ശേഷം തീ അണച്ചു ചൂടാറാണ് വക്കുക. ചൂട് പോകുന്തോറും ശര്‍ക്കര വരട്ടി ക്രിസ്പി ആയി വരുന്നതായിരിക്കും .