3 September, 2020
ചോക്ലേറ്റ് ഫഡ്ജ് ബ്രൗണി

ചേരുവകൾ;-
1. മൈദ – 1 കപ്പ് /130 ഗ്രാം
2. പഞ്ചസാര (പൊടിച്ചത് ) – 1 കപ്പ് / 190 ഗ്രാം
3. ഡാർക്ക് ചോക്ലേറ്റ് ചിപ്സ്, അല്ലെങ്കിൽ നല്ലയിനം ഡാർക്ക് ചോക്ലേറ്റ് ബാർ – 140 ഗ്രാം
4. ഉപ്പില്ലാത്ത ബട്ടർ – അരക്കപ്പ് (100 ഗ്രാം)
5. മുട്ട – 2 എണ്ണം
6. വാനില എസെൻസ് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം;-
ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ /350 ഡിഗ്രി ഫാരൻഹീറ്റിൽ പ്രീ-ഹീറ്റ് ചെയ്യുക. ഒരു 8×8 ഇഞ്ച് സ്ക്വയർ പാൻ നന്നായി വെണ്ണ പുരട്ടി, അതിൽ പാർച്ചമെന്റ് പേപ്പർ പാനിന്റെ സൈസ് അനുസരിച്ച് മുറിച്ച് നിരത്തുക. (വശങ്ങളിൽ നിന്ന് പേപ്പർ പൊങ്ങിനിൽക്കത്തക്കവിധം). ഒരു പാനിൽ ചെറുചൂടിൽ വച്ചോ, ഓവനിൽ വച്ചോ ബട്ടറും ചോക്ലേറ്റും യോജിപ്പിച്ച് ഇളക്കി അലിയിച്ചെടുത്ത് മാറ്റിവയ്ക്കുക. മൈദ നന്നായി ഇടഞ്ഞുവയ്ക്കുക. പഞ്ചസാര നന്നായി പൊടിച്ചുവയ്ക്കുക. മറ്റൊരു പാത്രത്തിൽ മുട്ടയും പൊടിച്ച പഞ്ചസാരയും ഇളം മഞ്ഞനിറം ആകുന്നതുവരെ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അലിയിച്ചു വെച്ചിരിക്കുന്ന ചോക്ലേറ്റ് – ബട്ടർ മിശ്രിതം പതുക്കെ ചേർത്ത് യോജിപ്പിക്കാം. ഇടഞ്ഞു വെച്ചിരിക്കുന്ന മൈദയും വാനില എസെൻസും കൂടി ഇതിൽച്ചേർത്ത് പതുക്കെ ഇളക്കി യോജിപ്പിക്കുക. അധികം ബീറ്റ് ചെയ്യരുത്. തയ്യാറാക്കിവെച്ചിരിക്കുന്ന ബേക്കിങ് പാനിൽ ബ്രൗണി ബാറ്റർ ഒഴിച്ച്, ചൂടാക്കിയിട്ടിരിക്കുന്ന ഓവനിൽ വെച്ച് 25-30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ബേക്കിങ് പാനിൽത്തന്നെ ഇരുന്ന് ചൂടാറിയതിനു ശേഷം, ബ്രൗണി പാനിൽനിന്ന് മാറ്റി, ചതുരക്കഷ്ണങ്ങളായി മുറിച്ച് ഐസ്ക്രീമിന്റെ കൂടെയോ, വിപ്പ്ഡ് ക്രീമിന്റെ കൂടെയോ വിളമ്പാവുന്നതാണ്.