"> അടപ്രഥമൻ | Malayali Kitchen
HomeFood Talk അടപ്രഥമൻ

അടപ്രഥമൻ

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

പച്ചരി – 1 കപ്പ്

പഞ്ചസാര -1 കപ്പ്

തേങ്ങ – രണ്ടെണ്ണം

ശർക്കര – അരക്കിലോ

അണ്ടിപ്പരിപ്പ് – കാൽ കപ്പ്

ഉണക്കമുന്തിരി – കാൽ കപ്പ്

ഏലയ്ക്ക – 6

നെയ്യ് – ആവശ്യത്തിന്

അട ഉണ്ടാക്കുന്ന വിധം;-

ഒരു മണിക്കൂർ കുതിർത്ത പച്ചരി രണ്ട് മണിക്കൂർ ഉണങ്ങിയ തുണിയിൽ കെട്ടിവെയ്ക്കണം. അതിനശേഷം നന്നായി പൊടിച്ച് അരിച്ചെടുക്കണം. രണ്ട് ടീസ്പൂൺ നെയ്യും പഞ്ചസാരയും ചേർത്ത് ചൂടുവെളളത്തിൽ ചപ്പാത്തിക്കുളള പരുവത്തിൽ മാവ് കുഴച്ചെടുക്കുക.

വാട്ടിയ വാഴയിലയിൽ മാവ് പരത്തി വെട്ടിത്തിളയ്ക്കുന്ന വെളളത്തിലിട്ട് വേവിച്ചെടുക്കുക. അട വെന്തുകഴിഞ്ഞാൽ ഇല വേറിട്ടുവരും. അട ആവിയിൽ വേവിച്ചും ഉണ്ടാക്കാം. വെന്ത അട മൂന്നോ നാലോ തവണ തണുത്ത വെളളത്തിൽ കഴുകിയ ശേഷം ആവശ്യമായ വലിപ്പത്തിൽ മുറിച്ചെടുക്കുക. ഇപ്പോൾ പ്രഥമനുളള അട തയാറായി.

തയാറാക്കുന്ന വിധം;-

തേങ്ങ ചിരകി കാൽ കപ്പ് ഒന്നാം പാലും, ഒന്നര കപ്പ് രണ്ടാം പാലും, രണ്ട് കപ്പ് മൂന്നാം പാലും പിഴിഞ്ഞെടുക്കുക.

ഒരു പാത്രത്തിൽ കാൽ കപ്പ് നെയ്യൊഴിച്ച് അട നന്നായി വറുത്തുകോരുക. ഇതിലേക്ക് മൂന്നാം പാലും ശർക്കരയും പഞ്ചസാരയും ചേർത്ത് പത്ത് മിനിറ്റ് മീഡിയം തീയിൽ വേവിക്കണം. ഇനി രണ്ടാം പാൽ ചേർക്കാം. അഞ്ച് മിനിറ്റ് കൂടി തിളപ്പിക്കണം. ഒടുവിലായി ഒന്നാം പാലും ചേർത്ത് അപ്പോൾതന്നെ തീയിൽ നിന്ന് ഇറക്കി വെയ്ക്കണം. ഏലയ്ക്ക പൊടിച്ചതും നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർത്ത് നന്നായി ഇളക്കുക.

പാചകത്തിലെ പുതുക്കക്കാർക്ക് തേങ്ങയുടെ ഒന്നാം പാൽ, രണ്ടാം പാൽ എന്നിവ എന്താണെന്ന് സംശയമുണ്ടാവാം. ചിരകിയ തേങ്ങയിൽ വെളളം തളിച്ച് ആദ്യം പിഴിഞ്ഞെടുക്കുന്ന പാലിനെയാണ് ഒന്നാം പാലെന്ന് വിളിക്കുന്നത്. ഇതിൽ വെളളത്തിന്റെ അംശം കുറവായിരിക്കും. രണ്ടാമത് അതേ തേങ്ങാപ്പീര തന്നെ നന്നായി വെളളമൊഴിച്ച് പിഴിഞ്ഞെടുക്കുന്നത് രണ്ടാം പാലും മൂന്നാമത് പിഴിയുന്നത് മൂന്നാം പാലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *