24 September, 2020
ഇടിച്ചക്ക തോരൻ

ചേരുവകൾ;-
ഇടിച്ചക്ക 1 എണ്ണം( ചെറുത്)
തേങ്ങ ചിരകിയത് ഒരു കപ്പ്
ചുവന്നുള്ളി 5 എണ്ണം
വെളുത്തുള്ളി, കാന്താരിമുളക് ആവശ്യത്തിന്
കുരുമുളക് അരടീസ്പൂൺ(ചതച്ചത്)
ജീരകം അരടീസ്പൂൺ
കറിവേപ്പില ആവശ്യത്തിന്
വറ്റല്‍ മുളക് മുറിച്ചത് 2 എണ്ണം
ഉഴുന്നുപരിപ്പ് 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
ആദ്യം ചക്ക മുക്കാല്‍ ഇഞ്ച് വലിപ്പമുള്ള വട്ടത്തില്‍ മുറിച്ച് തൊണ്ട് ചെത്തി കളയുക. പുറമേ തടവി നോക്കുമ്പോള്‍ മിനുസം തോന്നിക്കുന്ന അത്രയും ചെത്തിക്കളയണം. ഇത് നല്ലോണം കഴുകി ഇഡ്ഡലിപ്പാത്രത്തിന്റെ തട്ടില്‍ വച്ച് ആവിയില്‍ വേവിക്കുക. നന്നായി വെന്ത് കഴിഞ്ഞാൽ ഇടിച്ചക്ക തണുക്കാൻ മാറ്റി വയ്ക്കുക.
ശേഷം മിക്സിയില്‍ ചെറിയ ജാറില്‍ കുരുമുളകും ജീരകവും വെള്ളം ചേര്‍ക്കാതെ ഒന്ന് അടിച്ചെടുക്കണം. ഇതിലേയ്ക്ക് തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി, കാന്താരി, കുരുമുളക്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് അൽപം വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഇതില്‍ വേണമെങ്കില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇനി ചക്കകഷണങ്ങള്‍ ഒന്ന് മിക്സിയില്‍ ഇട്ട് ചതച്ചെടുക്കാം.
ചീനച്ചട്ടി ചൂടാകുമ്പോള്‍ അതില്‍ ഉഴുന്നുപരിപ്പിട്ട് പൊട്ടിക്കുക. വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ അരപ്പിട്ട് ഒരു മിനിറ്റ് വഴറ്റുക. അല്പം വെള്ളവും ഉപ്പും ചേര്‍ക്കാം. തയ്യാറാക്കി വച്ചിരിക്കുന്ന ചക്ക അരപ്പിൽ ചേർത്ത് മൂന്ന് മിനിറ്റ് മൂടിവച്ച് ചെറുതീയില്‍ വേവിച്ചെടുക്കുക.