"> മസാല ഫിൽ ചപ്പാത്തി | Malayali Kitchen
HomeFood Talk മസാല ഫിൽ ചപ്പാത്തി

മസാല ഫിൽ ചപ്പാത്തി

Posted in : Food Talk, Recipes on by : Ninu Dayana

 

ചേരുവകൾ;-

1. ഗോതമ്പ് പൊടി – 1 കപ്പ്

2. പെരുംജീരകം – 1/4 ടീസ്പൂൺ

3. ഇഞ്ചി അരിഞ്ഞത് – 1/2 ടീസ്പൂൺ

4. വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ

5. സവാള അരിഞ്ഞത് – 1/2 കപ്പ്

6. മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

7. മുളകുപൊടി – 1/4 ടീസ്പൂൺ

8. ഗരം മസാലപൊടി – 1/4 ടീസ്പൂൺ

9. ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – 1 എണ്ണം

10. തക്കാളി അരിഞ്ഞത് – 1/4 കപ്പ്

11. മല്ലിയില അരിഞ്ഞത് – 1 ടേബിൾ സ്പൂൺ

12. വെണ്ണ / നെയ്യ് – 2 ടേബിൾ സ്പൂൺ

13. എണ്ണ – 3 ടേബിൾ സ്പൂൺ

14. ഇളം ചൂടുവെള്ളം – 1/4 കപ്പ്

15. ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം;-

ആദ്യം ചപ്പാത്തി മാവ് തയ്യാറാക്കി എടുക്കണം. അതിനുവേണ്ടി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടിയും ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ഓയിലും കൂടി ചേർത്തിട്ട് നന്നായി യോജിപ്പിച്ച ശേഷം ഇളം ചൂടു വെള്ളം കുറച്ച് കുറച്ചായി ചേർത്ത് ചപ്പാത്തി മാവിൻ്റെ പരുവത്തിൽ കുഴച്ചെടുക്കുക. ഈ ചപ്പാത്തി മാവിനെ 30 മിനിറ്റ് മാറ്റി വെക്കുക.

അതിനു ശേഷം ഒരു പാൻ മീഡിയം തീയിൽ ചൂടാക്കി അതിലേക്ക് 2 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ പെരുംജീരകം, അര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കൂടെ ചേർത്തിട്ട് പച്ച മണം മാറുന്ന വരെ ഇളക്കുക. അതിനു ശേഷം ഒരു ചെറിയ സവാള അരിഞ്ഞതും കുറച്ച് ഉപ്പും കൂടെ ചേർത്തിട്ട് സവാള ചെറുതായി ഫ്രൈ ആവുന്ന വരെ ഇളക്കി കൊടുക്കുക. സവാള ഏകദേശം ഫ്രൈ ആയി കഴിയുമ്പോൾ തീ കുറച്ച് വച്ചിട്ട് അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ മുളകു പൊടി, കാൽ ടീസ്പൂൺ ഗരം മസാല പൊടിയും കൂടെ ചേർത്തിട്ട് പച്ച മണം മാറുന്ന വരെ ഇളക്കി കൊടുക്കുക. അതിനു ശേഷം ഒരു ഇടത്തരം ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചതും കുറച്ച് ഉപ്പും പകുതി തക്കാളി ചെറുതാക്കി അരിഞ്ഞതും കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം കാൽ കപ്പ് വെള്ളം കൂടെ ഒഴിച്ച് ഇളക്കിയ ശേഷം കുറച്ച് നേരം വേവിക്കുക. അവസാനം കുറച്ച് മല്ലിയില അരിഞ്ഞതും കൂടെ ചേർത്ത് ഇളക്കി തീ ഓഫാക്കുക. അതിനു ശേഷം ഈ മസാലയെ വേറൊരു പാത്രത്തിലേക്ക് മാറ്റി വക്കുക.

ശേഷം മാറ്റി വെച്ചിട്ടുള്ള ചപ്പാത്തി മാവ് എടുത്ത് ചെറിയ ഉരുളകളാക്കി ചപ്പാത്തി പരത്തി എടുക്കുക. ചപ്പാത്തി വൃത്താകൃതിയിൽ ഒരു പാത്രം വച്ച് മുറിച്ചെടുക്കുക. എന്നിട്ട് ചപ്പാത്തിയുടെ പകുതി തൊട്ട് ഒരു വശത്തേക്ക് മസാല ഇട്ട് കൊടുത്ത് ഒരു സ്പൂൺ വച്ച് നന്നായി വശങ്ങളൊക്കെ ഒതുക്കി കൊടുക്കുക. എന്നിട്ട് ചപ്പാത്തിയെ മസാല ഉള്ളിൽ വരുന്ന രീതിയിൽ ഒരു വശത്തു നിന്ന് മറ്റേ വശത്തേക്ക് മടക്കുക.ഇതു പോലെ ബാക്കിയുള്ള എല്ലാ ചപ്പാത്തി മാവും പരത്തി എടുത്ത് മസാല നിറക്കുക.

ശേഷം ഒരു പാൻ മീഡിയം തീയിൽ ചൂടാക്കി അര ടീസ്പൂൺ വെണ്ണ / നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ചപ്പാത്തി ഇട്ട് കൊടുത്ത് മുകളിൽ കുറച്ച് നെയ്യ് പുരട്ടി കൊടുത്ത് 30 സെക്കൻ്റ് വേവിക്കുക. എന്നിട്ട് മറിച്ചിട്ട് 30 സെക്കൻ്റ് കൂടെ വേവിച്ചെടുത്ത് മാറ്റി വെക്കുക. ഇതു പോലെ ബാക്കിയുള്ള എല്ലാ ചപ്പാത്തിയും ചെയ്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *