24 October, 2020
കിടിലൻ രുചിയിൽ മുറുക്ക് തയ്യാറാക്കാം

ചായയ്ക്കൊപ്പം കറുമുറെ കഴിക്കാൻ മുറുക്കു കൂടി ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട. രുചികരമായ മുറുക്ക് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
1. അരിപ്പൊടി – 2 കപ്പ്
2. കടല മാവ് – അരക്കപ്പ്
3. പൊട്ടുകടല വറുത്തുപൊടിച്ചത് – കാൽ കപ്പ്
4. കായപ്പൊടി – കാൽ ടീ സ്പൂൺ
5. എള്ള്, ജീരകം, അയമോദകം ഇതിലേതെങ്കിലും ഒന്ന് – 1 ടീ സ്പൂൺ
6. വെണ്ണ – 3 സ്പൂൺ
7. ഉപ്പ്, വെള്ളം – ആവശ്യത്തിന്
8. മുളകുപൊടി – അര ടീ സ്പൂൺ (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം
പൊടികൾ എല്ലാംകൂടി ഒരു പാത്രത്തിലാക്കി ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക. അതിലേക്ക് ഉപ്പും എള്ളും ചേർക്കുക. ശേഷം വെണ്ണ ചൂടാക്കി, ചൂടോടെതന്നെ പൊടികൾ യോജിപ്പിച്ചതിലേക്ക് ഒഴിക്കുക. കൈയിൽ ലേശം എണ്ണ തടവി മാവ് ഇടിയപ്പത്തിന് തയ്യാറാക്കുന്നതുപോലെ വെള്ളം ചേർത്ത് കുഴയ്ക്കുക. മാവ് അടച്ചുവച്ച് കുറേശ്ശെ മാവ് കൈയിലെടുത്ത് സേവാനാഴിയിൽ മുറുക്കിന്റെ ചില്ല് ഉപയോഗിച്ച് ഒരു വാഴയിലയിൽ മുറുക്കിന് ചുറ്റിച്ചു വച്ചിട്ട് ചൂടായ എണ്ണയിൽ മീഡിയം തീയിൽ കുറേശ്ശെ വറുത്തെടുക്കുക. തുറന്നുവച്ച മാവ് കട്ടിയാവാതെ പെട്ടെന്നുതന്നെ ചെയ്യാൻ ശ്രദ്ധിക്കുക.