12 November, 2020
ചെറുപയർ ലഡ്ഡു

ചേരുവകൾ :
ചെറുപയർ -1 കപ്പ് (175 ഗ്രാം )
പഞ്ചസാര – 1 കപ്പ് (100 ഗ്രാം )
നെയ്യ് – രണ്ടര ടേബിൾ സ്പൂൺ
നാളികേരം -1/2 കപ്പ്
അണ്ടിപരിപ്പ് – ചെറിയ കഷണങ്ങൾ
ഉണക്ക മുന്തിരി
വറുത്ത നിലക്കടല -ഒന്നര ടേബിൾ സ്പൂൺ (തൊലി കളഞ്ഞത് )
ഏലയ്ക്കായ പൊടി -1/2 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
വെള്ളം -1/2 കപ്പ്
തയാറാക്കുന്ന വിധം :
ഒരു പാനിൽ ചെറുപയർ നന്നായി കളർ മാറുന്നതു വരെ വറക്കുക. ചൂടാറിയ ശേഷം മിക്സിയിൽ ഇട്ടു ചെറിയ തരിയോട് കൂടി പൊടിച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപരിപ്പ്, മുന്തിരി എന്നിവ വറക്കുക. അതിലേക്കു പൊടിച്ച ചെറുപയർ ഇട്ടു ഇളക്കുക. അതിലേക്കു ഒരു 2ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ഇളക്കി ഒരു രണ്ടോ മൂന്നോ മിനിറ്റ് വേവിക്കുക. ഇതിലേക്കു നാളികേരം ഇട്ട് ഇളക്കുക. കൂടെ നിലക്കടല, ഏലയ്ക്കായ പൊടിച്ചത്, ഒരു നുള്ള് ഉപ്പ് എന്നിവ ഇട്ടു ഇളക്കി തീ അണയ്ക്കുക. ഒരു പാത്രത്തിൽ പഞ്ചസാര, അര കപ്പ് വെള്ളം എന്നിവ ഒഴിച്ച് ഇളക്കി ഒന്നു കുറുക്കി എടുക്കുക. ഒരു നൂൽ പാകത്തിൽ ആകുമ്പോൾ തീ അണയ്ക്കാം. ചെറുപയർ മിക്സ് ഒന്നു കൂടി ചൂടാക്കി അതിലേക്കു പഞ്ചസാര പാനി കുറേശ്ശേ ഒഴിച്ച് കൊടുത്തു ഇളക്കുക. തീ അണച്ചു മാറ്റി വയ്ക്കുക. ചെറുപയർ മിക്സ് ചൂടുള്ള സമയത്ത് തന്നെ ഉരുട്ടി ലഡ്ഡു ആക്കി എടുക്കാം.