12 November, 2020
നുറുക്ക് ഗോതമ്പ് ഇലയട

ചേരുവകൾ
നുറുക്ക് ഗോതമ്പ് (സൂചി ഗോതമ്പ്) – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – ഒരു ടീസ്പൂൺ
ശർക്കര – 200 ഗ്രാം
ഏത്തപ്പഴം – ഒന്ന്
തേങ്ങ ചിരകിയത് – ഒരു കപ്പ്
ഏലയ്ക്ക പൊടി – 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
നുറുക്ക് ഗോതമ്പ് നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
വെള്ളം ഊറ്റി കളഞ്ഞ് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ നന്നായി അരച്ച് എടുക്കാം.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്തു വയ്ക്കണം.
ശർക്കര അൽപം വെള്ളം ചേർത്ത് തിളപ്പിച്ച് അരിച്ച് എടുക്കുക. ഇതിലേക്ക് അൽപം ഏലയ്ക്കാപ്പൊടി ചേർത്ത് ഒരു നൂൽ പരുവത്തിലുള്ള പാനി ആകുമ്പോൾ ചെറുതായി അരിഞ്ഞ ഏത്തപ്പഴം ചേർത്തുകൊടുക്കാം.
പഴവും ശർക്കരയും നന്നായി യോജിപ്പിച്ച് വെള്ളം വറ്റുമ്പോൾ തീ ഓഫ് ചെയ്ത് തേങ്ങ ചിരകിയത് ചേർത്ത് നന്നായി ഇളക്കുക.
ഒരു വാഴയിലയിൽ അരച്ചുവെച്ച ഗോതമ്പ് കനം കുറച്ച് പരത്തി നടുവിൽ ഫില്ലിങ് വച്ച് മടക്കി ആവിയിൽ 15 മിനിറ്റ് വേവിച്ചെടുക്കണം.