17 November, 2020
അരിപ്പൊടിയും പാളയങ്കോടൻ പഴവും ചേർത്ത രുചികരമായ കുഴച്ചട

ചേരുവകൾ
അരിപ്പൊടി – 1 1/ 2 കപ്പ്
പഴം (പഴുത്ത പാളയങ്കോടൻ പഴം ) – 1/2 – 3/ 4 കിലോഗ്രാം
തേങ്ങ ചിരകിയത് – 2 കപ്പ്
തേങ്ങാക്കൊത്ത് – 1/ 2 കപ്പ്
ശർക്കര ചീകിയത് – 1 – 1/ 2 കപ്പ്
ജീരകം – 1 ടീ സ്പൂൺ
ഏലയ്ക്കാപ്പൊടി – 1/ 2 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിലേക്ക് ഒന്നര കപ്പ് അരിപ്പൊടി എടുത്ത് അതിലേക്ക് അല്പം വെള്ളവും ജീരകവും ചേർത്ത് ചതച്ചെടുത്ത തേങ്ങയും പാകത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മുക. അതിലേക്ക് ചിരകി വച്ചിരിക്കുന്ന തേങ്ങയും ജീരകവും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം പഴം നന്നായി കൈകൊണ്ട്/ മിക്സിയിൽ ഉടച്ച ശേഷം ( വലിയ പഴം ആയതു കൊണ്ട് ഇവിടെ ആറ് പാളയങ്കോടൻ പഴങ്ങളാണ് ചേർത്തത് ചെറിയ പഴം ആണെങ്കിൽ ഏഴോ എട്ടോ എണ്ണം ചേർക്കാം ) ഇത് അരിപ്പൊടിയിലേക്ക് ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക.
നന്നായി കുഴഞ്ഞ ഈ മിക്സിലേക്ക് ചീകി വച്ചിരിക്കുന്ന ശർക്കരയും തേങ്ങാക്കൊത്തും ഒരു മൂന്നു നുള്ള് ഏലയ്ക്കാപ്പൊടിയും ആവശ്യമെങ്കിൽ അല്പം വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. പത്തു മിനിറ്റ് നേരം വേണമെങ്കിൽ വയ്ക്കാം. ഇതിൽ കുറച്ച് എടുത്തു വാഴയിലയിൽ പൊതിഞ്ഞ് 15-20 മിനിറ്റ് നേരം ആവി കയറ്റി എടുക്കാം. ഇഷ്ടമനുസരിച്ച് ചേരുവകളുടെ അളവിൽ മാറ്റം വരുത്താം.