19 November, 2020
ഒരു പറ ചോറുണ്ണാൻ, കുരുമുളക് ഇട്ട ഈ മത്തിക്കറി മാത്രം മതി
Posted in : Recipes on by : Annie S R
ചൂട് ചോറിനൊപ്പം മത്തിക്കറിയുണ്ടെങ്കിൽ പിന്നെ പറയാനുണ്ടോ? മൂന്ന് മത്തി വെട്ടി കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. അതിൽ മഞ്ഞൾപ്പൊടി, ഉപ്പ്, അല്പം മുളകുപൊടി എന്നിവ ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കുക.
ആവശ്യമുള്ള ചേരുവകൾ:
വെളിച്ചെണ്ണ – രണ്ടു ടേബിൾ സ്പൂൺ
കടുക് – അര ടീസ്പൂൺ
ഉലുവ – കാൽ ടീസ്പൂൺ
സവാള – ഒരു ചെറുത്
ഇഞ്ചി – ഒരു ടേബിൾസ്പൂൺ പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – രണ്ട് ടേബിൾസ്പൂൺ പൊടിയായി അരിഞ്ഞത്
മുളകുപൊടി – അര ടീസ്പൂൺ
മല്ലിപ്പൊടി – രണ്ട് ടീസ്പൂൺ
കുരുമുളകുപൊടി – രണ്ടു ടീസ്പൂൺ
പുളി – ഒരു നെല്ലിക്കാ വലിപ്പത്തിൽ ഉള്ളത് വെള്ളത്തിൽ കുതിർത്ത് വച്ചത്
തയാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിൽ അര ടീസ്പൂൺ കടുകും കാൽ ടീസ്പൂൺ ഉലുവയും അൽപം കറിവേപ്പിലയും ഇട്ട് പൊട്ടിക്കുക.
ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. വഴന്നതിനു ശേഷം മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റി, പച്ചമണം മാറിയതിനുശേഷം കുരുമുളകുപൊടി കൂടി ചേർക്കുക. ഇതിലേക്ക് പുളി ഒഴിച്ച് അരക്കപ്പ് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് ചാറ് കുറുക്കി എടുക്കുക. അതിനുശേഷം രണ്ട് പച്ചമുളകും മസാല പുരട്ടി വച്ചിരിക്കുന്ന മീൻ കഷണങ്ങളും ചേർത്ത് അടച്ചു വച്ച് ചെറിയ തീയിൽ 10 മുതൽ 15 മിനിറ്റ് വരെ വേവിച്ചെടുക്കുക. ഒരു ടീസ്പൂൺ വെളിച്ചെണ്ണയും അൽപം കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂട് ചോറിനൊപ്പം കഴിക്കാം.