23 November, 2020
തേങ്ങ ഉള്ളി മുളക് ചമ്മന്തി

തേങ്ങ -1/2 കപ്പ്
വറ്റൽമുളക് -5 ( പിരിയൻ മുളക് ഉപയോഗിച്ചാൽ നല്ല നിറവും കിട്ടും)
ചെറിയുള്ളി -15-20( ഇല്ലെങ്കിൽ സവാള -1 വലുത്)
ഉഴുന്ന് -1 ടേബിൾ സ്പൂൺ
പുളി – ഒരു ചെറിയ കഷണം( തീരെ കുറച്ച് മതി)
കറിവേപ്പില -1 തണ്ട്
മുളക്പൊടി -1/2 ടീസ്പൂൺ( എരിവ് അധികം വേണ്ടെങ്കിൽ ഇത് ഒഴിവാക്കാം)
ഉപ്പ്, എണ്ണ -പാകത്തിനു
പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ( എണ്ണ കുറച്ച് കൂടുതൽ എടുക്കണം) വറ്റൽമുളക്,ഉഴുന്ന്,കറിവേപ്പില ഇവ ഇട്ട് കരിയാതെ മൂപ്പിച്ച് വറുത്ത് കോരി എടുത്ത് വക്കുക.
അതെ എണ്ണയിലെക്ക് തന്നെ ഉള്ളി ( സവാള) ചെറുതായി അരിഞത് ,പുളി ഇവ ചേർത്ത് വഴറ്റുക
ഉള്ളി ചെറുതായി വഴന്റ് കഴിയുമ്പോൾ തേങ്ങ ചേർത്ത് ഇളക്കുക .
ഉള്ളിയും തേങ്ങയും ഏകദേശം നന്നായി വഴന്റ് കഴിയുമ്പോൾ മുളക്പൊടി, പാകത്തിനു ഉപ്പ് ഇവ കൂടെ ചേർത്ത് ഇളക്കി 1 മിനുറ്റ് ശേഷം തീ ഓഫ് ചെയ്യാം.
ചൂടാറിയ ശേഷം മിക്സിയിൽ ആദ്യം ഉഴുന്ന് മുളക് ഇവ ഇട്ട് ഒന്ന് അരച്ച ശേഷം അതിലേക്ക് ഉള്ളി, തേങ്ങാ കൂട്ട് കൂടെ ചേർത്ത് പാകത്തിനു ചെറു ചൂടു വെള്ളം ചേർത്ത് അരച്ച് എടുക്കുക.വെള്ളം കൂടി പോകാതെ ശ്രദ്ധിക്കണം.കുറച്ച് കട്ടിയായി ഇരിക്കുന്നതാണു ഇതിന്റെ സ്വാദ്.
ഇനി ഇതിനു കടുക് താളിക്കണമെങ്കിൽ അത് ചെയ്യാം.അല്ലെങ്കിലും നല്ല രുചിയാണു.ആദ്യമെ എണ്ണ കൂടുതൽ എടുക്കുന്നത് കൊണ്ട് ഞാൻ കടുക് താളിക്കാറില്ല.അപ്പൊ നല്ല അടിപൊളി, രുചികരമായ ചമ്മന്തി റെഡി.എല്ലാരും ഉണ്ടാക്കി നോക്കീട്ട് പറയണം ട്ടൊ.