6 December, 2020
എഗ്ലെസ് ചോക്കോചിപ്സ് മഫിൻസ്

ചേരുവകൾ
1. മൈദ – ഒന്നരക്കപ്പ്
2. ചോക്ലേറ്റ് ചിപ്സ് – അരക്കപ്പ്
3. പുളിയില്ലാത്ത തൈര് – 1 കപ്പ്
4. പഞ്ചസാര ( തരിയോടെ) – മുക്കാൽക്കപ്പ്
5. ബേക്കിങ് സോഡ – അര ടീസ്പൂൺ
6. ബേക്കിങ് പൗഡർ – ഒന്നേകാൽ ടീസ്പൂൺ
7. വെജിറ്റബിൾ ഓയിൽ – അരക്കപ്പ്
8. വാനില എസൻസ് – ഒന്നര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഓവൻ 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീ-ഹീറ്റ് ചെയ്യുക. ഒരു പാത്രത്തിൽ പഞ്ചസാരയും തൈരും നന്നായി അടിക്കുക (പഞ്ചസാര അലിയുംവരെ). ഈ മിശ്രിതത്തിലേക്ക് ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ ചേർത്ത് ഇളക്കുക. 5 മിനിറ്റ് കഴിഞ്ഞാൽ അതിൽ കുമിളകൾവരുന്നത് കാണാം. അപ്പോൾ അതിലേക്ക് വാനില എസൻസ്, എണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഇടഞ്ഞുവെച്ചിരിക്കുന്ന മൈദ അൽപ്പാൽപ്പമായി ഇട്ട് വളരെ പതുക്കെ ഇളക്കുക. ഇളക്കി യോജിപ്പിച്ചുകഴിഞ്ഞാൽ അവസാനം ചോക്ലേറ്റ് ചിപ്സ് ഇട്ട് ഒന്നുകൂടി ഇളക്കുക. ഈ ബാറ്റർ പേപ്പർ ലൈനർ /മഫിൻ കപ്പിലേക്ക് മുക്കാൽ ഭാഗംവരെ നിറച്ച് ഓവനിലേക്കുവെച്ച് 20 -25 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കാം.