6 December, 2020
കപ്ളങ്ങ കൊണ്ട് രുചികരമായ ചമ്മന്തി

ചേരുവകൾ
1. ഓമക്ക (കപ്ളങ്ങ) -1/2 മുറി
2. തേങ്ങ -1/2 കപ്പ്
3. ചുവന്നുള്ളി -8-10 എണ്ണം
4. ഇഞ്ചി – 1കഷണം
5. വറ്റൽ മുളക് – 4
6. വാളൻപുളി – ഒരു ചെറിയ ഉരുള
7. ഉപ്പ് – ആവശ്യത്തിന്
8. കറിവേപ്പില – 1തണ്ട്
തയാറാക്കുന്ന വിധം
ഓമയ്ക്ക ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക.അതിനു ശേഷം ഒരു പാത്രം ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായ ശേഷം വറ്റൽ മുളക് ഇട്ടു മൂപ്പിച്ചു എടുക്കുക. അതു കോരി മാറ്റി വയ്ക്കുക. ശേഷം കറിവേപ്പില കൂടി ഇട്ടു മൂപ്പിച്ച് എടുക്കാം. കറിവേപ്പില കോരി മാറ്റിയതിനു ശേഷം ഓമയ്ക്ക കഷണങ്ങളും ചുവന്നുള്ളിയും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്തു നന്നായി വഴറ്റി എടുത്ത് മാറ്റി വയ്ക്കുക.
ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മൂപ്പിച്ച വറ്റൽ മുളക്, കറിവേപ്പില, ഇഞ്ചി, പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ എടുത്ത് നന്നായി ഒന്നു അരച്ചെടുക്കുക. അതിനു ശേഷം തേങ്ങയും വഴറ്റി വച്ചിരിക്കുന്ന ഓമക്കയും ഉള്ളിയും കൂടെ ചേർത്തു നന്നായി അരച്ചെടുക്കുക. അരഞ്ഞതിനു ശേഷം കൈ കൊണ്ട് നന്നായി ഒന്നു ഇളക്കി പാത്രത്തിലേക്ക് മാറ്റി വയ്ക്കാം