15 December, 2020
ശര്‍ക്കര ഉപ്പേരി

ചേരുവകള്‍ :
1. പച്ച നേന്ത്രക്കായ : ഒന്ന്
2. ശര്‍ക്കര : 1/3 കപ്പ്
3. ചുക്ക് പൊടി : അര ടേബിള്‍ സ്പൂണ്‍
4. ഏലക്കാപ്പൊടി : കാല് ടീസ്പൂണ്‍
5. ജീരകം പൊടിച്ചത് : കാല് ടീസ്പൂണ്‍
6. പഞ്ചസാര പൊടിച്ചത് : കാല് കപ്പ്
7.മഞ്ഞള്‍പൊടി – രണ്ടു ടീസ്പൂണ്‍
8. ഉപ്പ് – ആവശ്യത്തിന്
9. വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം :
പച്ച നേന്ത്രക്കായ നല്ലതുപോലെ കഴുകി തൊലി കളഞ്ഞു രണ്ടായി മുറിച്ചതിനു ശേഷം ചെറു കഷണങ്ങളായി അരിഞ്ഞെടുക്കുക . നേന്ത്രക്കായയുടെ കറ കളയുന്നതിനായി ഇതിനെ ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ ഇരുപതു മിനിറ്റോളം ഇട്ടുവെക്കുക . ശേഷം വെള്ളം വാര്‍ത്തു കളഞ്ഞു നേന്ത്രക്കായയിലെ ജലാംശം നന്നായി ഒപ്പിയെടുക്കുക . ഒരു പാത്രത്തില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അരിഞ്ഞു വെച്ചിരിക്കുന്ന നേന്ത്രക്കായ ചേര്‍ത്ത് ഫ്രൈ ചെയ്യുക. നേന്ത്രക്കായയുടെ ഉള്ള് നല്ലതുപോലെ വെന്തു ക്രിസ്പി ആകുംവരെ (ഏകദേശം 15 മിനിറ്റ്) ഫ്രൈ ചെയ്യാന്‍ ശ്രദ്ധിക്കണം. നന്നായി ഫ്രൈ ആയ നേന്ത്രക്കായ മറ്റൊരു പാത്രത്തിലേക്കുമാറ്റി ചൂടാറാന്‍ വെക്കുക.
മറ്റൊരു പാത്രത്തില്‍ ശര്‍ക്കരയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ശര്‍ക്കര ഉരുക്കിയെടുത്ത ശേഷം ശര്‍ക്കരപാനി തയാറാക്കുക. പാനി നൂല്പരുവം എത്തുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന നേന്ത്രക്കായ കഷ്ണങ്ങള്‍ ചേര്‍ത്ത് ,ചെറു തീയില്‍ നന്നായി മിക്സ് ചെയ്തു എടുക്കുക, ഇതിലേക്ക് ചുക്ക്,ഏലക്കായ,ജീരകം എന്നിവ പൊടിച്ചു ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .ശര്‍ക്കര നേന്ത്രക്കായ കഷണങ്ങളില്‍ നന്നായി പിടിച്ചു കഴിയുമ്പോള്‍ തീ അണച്ചുവെക്കുക. ഒന്നോ രണ്ടോ മിനിട്ടിനു ശേഷം ആവശ്യത്തിന് പഞ്ചസാര പൊടിച്ചു ചേര്‍ത്ത് നേന്ത്രക്കായ കഷ്ണങ്ങള്‍ പരസ്പരം ഒട്ടി പിടിക്കാത്ത പോലെ ഇളക്കി എടുത്തു ചൂടാറാന്‍ വെക്കുക. ശര്‍ക്കരവരട്ടി തയാര്‍.