24 December, 2020
ഈജിപ്ഷ്യൻ പുഡ്ഡിങ്

ചേരുവകൾ
ബ്രഡ് – 6 സ്ലൈസ്
ബട്ടർ
പഞ്ചസാര – 2 ടീസ്പൂൺ + 2 ടേബിൾസ്പൂൺ
പാൽപ്പൊടി – 1/2 കപ്പ്
ഏലക്കായ പൊടിച്ചത്
ബദാം പൊടിച്ചത്
പിസ്താ പൊടിച്ചത്
കാഷ്യു നട്സ് പൊടിച്ചത്
പാൽ – 3 കപ്പ്
കോൺഫ്ളോർ- 1 അല്ലെങ്കിൽ 2 ടേബിൾസ്പൂൺ
കിസ്മിസ്
ഡെസിക്കേറ്റഡ് കോക്കനട്ട് / തേങ്ങ ചിരകിയത്
തയാറാക്കുന്ന വിധം
ആദ്യം ബ്രഡിന്റെ വശങ്ങൾ കട്ട് ചെയ്ത് രണ്ടായി മുറിച്ചു വയ്ക്കണം. എന്നിട്ട് ഒരു പാനിൽ ബട്ടർ തടവി ബ്രഡ് രണ്ട് വശവും മൊരിച്ചെടുക്കണം. വേറെ ഒരു പാനിൽ അരക്കപ്പ് വെള്ളം ചൂടാക്കി അതിൽ 2 ടീസ്പൂൺ പഞ്ചസാര ഇട്ട് അലിയിച്ചെടുക്കണം. അതിന് ശേഷം പുഡ്ഡിങ് ട്രേയിൽ ബ്രഡ് നിരത്തി മുകളിൽ ചൂടോടെ ഷുഗർ സിറപ്പ് ഒഴിച്ച് കൊടുക്കണം.
വേറെ ഒരു പാനിൽ പാൽ ഒഴിച്ച് പാൽപ്പൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. പാൽ തിളച്ചു വരുമ്പോൾ കോൺഫ്ളോർ അല്പം പാലിൽ കലക്കി തിളച്ച പാലിലേക്കു ചേർത്ത് കുറുക്കി എടുക്കണം. 1 ടേബിൾസ്പൂൺ കോൺഫ്ളോർ ചേർത്ത് കുറുക്കി എടുക്കാം. പാൽ കുറുകി കഴിയുമ്പോൾ ഏലക്കായ പൊടിച്ചത് കൂടി ചേർത്ത് തീ ഓഫ് ചെയ്യണം. മധുരം കുറച്ച് കൂടി വേണമെങ്കിൽ പഞ്ചസാര – പാൽ കൂട്ടിൽ ചേർത്ത് കൊടുക്കാം. അതിന് ശേഷം ബ്രഡിന്റെ മുകളിൽ തേങ്ങ ഇട്ട് കൊടുക്കണം. അതിന്റെ മുകളിൽ ബദാം, കാഷ്യു, പിസ്താ, കിസ്മിസ് എന്നിവ ഇട്ട് കൊടുക്കണം. ശേഷം പാൽ കൂട്ട് ചൂടോടെ ഒഴിച്ച് കൊടുക്കണം. വീണ്ടും തേങ്ങ, ബദാം, കാഷ്യു, പിസ്താ, കിസ്മിസ് കൂടി ഇട്ട് പുറത്തു വച്ച് നന്നായി തണുപ്പിച്ച ശേഷം ഫ്രിജിൽ 2 മണിക്കൂർ വച്ച് സെറ്റ് ചെയ്ത് വിളമ്പാം.