24 December, 2020
കാരമൽ ക്രീം ക്ലാസിക് കേക്ക്

കേക്കിനുള്ള ചേരുവകൾ:
മൈദ–ഒന്നരക്കപ്പ്
ബേക്കിങ് പൗഡർ– ഒന്നര ടീസ്പൂൺ
മുട്ട–3
ബട്ടർ–175 ഗ്രാം
പഞ്ചസാര – ഒന്നരക്കപ്പ്
വനില എസൻസ്– 1 ടീസ്പൂൺ
ഉപ്പ്–ഒരുനുള്ള്
ഇളംചൂടുള്ളപാൽ– അരക്കപ്പ്.
കാരമൽ ക്രീമിനുള്ള ചേരുവകൾ:
പഞ്ചസാര–7 ടേബിൾസ്പൂൺ
ബട്ടർ–4 ടേബിൾസ്പൂൺ (60 ഗ്രാം)
കണ്ടൻസ്ഡ് മിൽക് –4 ടേബിൾസ്പൂൺ
ക്രീം–4 ടേബിൾസ്പൂൺ
വിപ്പിങ് ക്രീം– അരക്കപ്പ്
കേക്കുണ്ടാക്കുന്ന വിധം:
മൈദയും ബേക്കിങ് പൗഡറും യോജിപ്പിക്കുക. മുട്ടയുടെ മഞ്ഞനീക്കുക. കുഴിയുള്ള പാത്രത്തിൽ മുട്ടവെള്ള അടിച്ചെടുക്കണം. കുറച്ചുകൂടി വലിയൊരു പാത്രത്തിൽ ബട്ടറും പഞ്ചസാരയും നന്നായി അടിച്ചുയോജിപ്പിക്കണം. മുട്ടമഞ്ഞയും ഉപ്പും വനില എസൻസും അതിലേക്കു ചേർക്കണം. നല്ല സ്മൂത്താകുന്നതുവരെ അടിക്കണം. കുറേശ്ശെയായി ഇളംചൂടുള്ള പാൽ ചേർക്കുക. ഇനി മൈദ ചേർക്കാം. ഒരു സ്പാറ്റുല ഉപയോഗിച്ച് ഇളക്കണം. അടിച്ചുവച്ച മുട്ടവെള്ള ഇതിലേക്ക് അൽപാൽപം ചേർത്തുകൊടുക്കാം. കുറച്ചുനേരത്തേക്ക് ഇളക്കി മൃദുവായി യോജിപ്പിക്കണം. തുടർന്ന് 8 ഇഞ്ചുള്ള പാനിലേക്ക് ഒഴിക്കുക. ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ 180 ഡിഗ്രിയിൽ 45 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. കേക്ക് റെഡി.
കാരമൽ ക്രീം ഉണ്ടാക്കുന്നവിധം:
പഞ്ചസാര അടുപ്പിൽവച്ചു കാരമലൈസ് ചെയ്തെടുക്കുക. തീ അണച്ചശേഷം ബട്ടർ ചേർക്കണം. ബട്ടർ ഉരുകിക്കഴിയുമ്പോൾ കണ്ടൻസ്ഡ് മിൽക് ചേർക്കാം. അന്നേരം തീ കുറച്ചുവയ്ക്കാൻ ശ്രദ്ധിക്കുക. തീയണച്ചശേഷം ക്രീം ചേർക്കാം. കുറച്ചുനിമിഷങ്ങൾ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. കാരമൽ സിറപ്പ് തയാർ. ഇതിലേക്ക് 2 ടേബിൾസ്പൂൺ വിപ്പിങ് ക്രീംകൂടി ചേർത്തു നന്നായി അടിച്ചുയോജിപ്പിക്കണം. കേക്കിൽ നിറയ്ക്കാനുള്ള കാരമൽ ക്രീം റെഡി.
കേക്കും ക്രീമും യോജിപ്പിക്കുന്ന വിധം:
കേക്ക് 3 പാളിയായി മുറിക്കുക. ഒരോ പാളിക്കുമിടയിലും വശങ്ങളിലും കാരമൽ ക്രീം ഒഴിക്കണം. കേക്കിന്റെ ഏറ്റവും മുകളിലെ ഭാഗത്തു ക്രീം ഒഴിക്കരുത്. കേക്കിന്റെ ഏറ്റവും മുകളിലെ പ്രതലത്തിൽ നേരത്തേ തയാറാക്കിവച്ചിരിക്കുന്ന കാരമൽ സിറപ്പ് ഒഴിച്ചുകൊടുക്കണം. അണ്ടിപ്പരിപ്പും പഞ്ചസാരയും ചേർത്തുള്ള പ്രാലീൻസ് വിതറി അലങ്കരിക്കാം. കാരമൽക്രീം ക്ലാസിക് കേക്ക് റെഡിയായി.