25 December, 2020
സ്പൈസി ചിക്കൻ പിരളൻ

ചേരുവകള്‍
ചിക്കൻ (കഷ്ണങ്ങളാക്കിയത്) – 500 ഗ്രാം
ചെറിയ ഉള്ളി – 250 ഗ്രാം
സവാള വലുത് – രണ്ട് എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഇഞ്ചി (വലിയ ഒരു കഷ്ണം) – ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – ആവശ്യത്തിന്
പച്ചമുളക് – 3 എണ്ണം
മല്ലിപ്പൊടി -11/2 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി – 3 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടേബിൾസ്പൂൺ
വിനാഗിരി – 1 ടേബിൾസ്പൂൺ
തേങ്ങാക്കൊത്ത് – ചെറിയ ബൗള്‍
ഗരംമസാലപ്പൊടി – 1 ടേബിൾസ്പൂൺ
കുരുമുളക് പൊടിച്ചത് – 1/2 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചെറിയ ചൂടില്‍ പച്ചമണം മാറും വരെ മൂപ്പിച്ചെടുക്കുക. മൂത്തുവന്ന ശേഷം ഇവ ചിക്കനിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം മഞ്ഞള്‍പ്പൊടി, കറിവേപ്പില, തേങ്ങാക്കൊത്ത്, പൊടിച്ച കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, വെളിച്ചെണ്ണ, വിനാഗിരി എന്നിവ കൂടി ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.
അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോള്‍ അരിഞ്ഞുവച്ചിട്ടുള്ള സവാള ഇട്ട് നന്നായി വഴറ്റി മറ്റൊരു പ്ലേറ്റിലേക്ക് കോരി മാറ്റി വയ്ക്കുക .
സവാള കോരി മാറ്റിയശേഷം അതേ എണ്ണയിലേക്ക് കടുക് ഇട്ടുകൊടുക്കാം. കടുക് പൊട്ടിയശേഷം അരിഞ്ഞുവച്ചിട്ടുള്ള ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് എന്നിവ ചേർത്ത് ചെറുതായി ഒന്നു വാടിവരുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഉള്ളി വഴന്നുവന്ന ശേഷം അതിലേക്ക് മസ്സാല പുരട്ടി വച്ചിട്ടുള്ള ചിക്കന്റെ കഷ്ണങ്ങൾ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കുക . ശേഷം ചെറു തീയിൽ അഞ്ചു മിനിറ്റ് അടച്ചു വച്ച് വേവിക്കുക. വെന്തുവന്ന ചിക്കനിലേക്ക് ഗരംമസാലപ്പൊടി, വഴറ്റിയ സവാള എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഗ്രേവിയാക്കുന്നതിന് ആവശ്യമായിട്ടുള്ള ചൂടുവെള്ളം തയാറായി വന്ന ചിക്കനിലേക്ക് ചേര്‍ത്ത് ഇളക്കിക്കൊടുത്ത്, അടച്ചുവച്ച് വേവിക്കുക. ചൂടോടെ വിളമ്പാം.