9 February, 2021
വട്ടയപ്പം / വട്ടേപ്പം

ആവശ്യമുള്ള സാധനങ്ങൾ
പച്ചരി അരകിലോ
തേങ്ങാ (അധികം വിളയാത്തതു) ഒന്ന്
*ശർക്കര പാനിയാക്കിയത് ഒന്നര കപ്പ് (മധുരത്തിന് അനുസരിച്ചു കൂട്ടുകയോ ചെയ്യാം)
*യീസ്റ്റ് കാൽ ടീസ്പൂൺ
പഞ്ചസാര ഒരു ടീസ്പൂൺ
ചൂട് വെള്ളം അര ഗ്ലാസ്
ഏലക്ക പൊടിച്ചത് അരടീസ്പൂൺ
നെയ്യ് രണ്ട് ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് കിസ്മിസ് പത്തൊണ്ണം വീതം
ഉപ്പ് ഒരു നുള്ള്
വെള്ളം ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം:
പച്ചരി അഞ്ചുമണിക്കൂർ കുതിരാൻ ഇടുക.
കുതിർത്ത അരി അരക്കുന്നതിനു ഇരുപതു മിനിറ്റ് മുന്നേ അര ഗ്ലാസ് വെള്ളം ചൂടാക്കുക. വെള്ളം തിളച്ചു പോകരുത്. കൈ മുക്കാവുന്ന ചൂട്. ആ വെള്ളത്തിൽ ഒരു സ്പൂൺ പഞ്ചസാര ഇട്ടു ഇളക്കുക, അതിലേക്ക് യീസ്റ്റ് കൂടി ചേർത്ത് ഇളക്കി ഇരുപതു മിനിറ്റ് അടച്ചു യീസ്റ്റ് പൊങ്ങാൻ വെക്കുക. *(താഴെയുള്ള NB : വായിക്കുക)
കുതിർന്നു കഴുകിയ അരിയും തേങ്ങാ തിരുമ്മിയതും നന്നായി അരച്ച് എടുക്കുക. അരക്കുമ്പോൾ വെള്ളം കൂടി പോകാതെ ശ്രദ്ധിക്കണം. തേങ്ങയും അരിയും അരച്ചതിൽ ശർക്കരപ്പാനിയും *(താഴെയുള്ള NB : വായിക്കുക), ഏലക്കാ പൊടിച്ചതും ചേർക്കുക, കൂടെ പൊങ്ങാൻ വെച്ച യീസ്റ്റ് ഒഴിക്കുക. നന്നായി ഇളക്കി അടച്ചു വെക്കുക. എട്ടു മണിക്കൂർ കഴിയുമ്പോൾ മാവ് പുളിച്ചു പൊങ്ങും. അതിലേക്ക് അൽപ്പം ഉപ്പ് ചേർത്ത് ഇളക്കുക. വട്ടത്തിലുള്ള ഒരു സ്റ്റീൽ പാത്രത്തിൽ അൽപ്പം നെയ്യ് പുരട്ടുക. അതിലേക്ക് മാവ് ഒഴിക്കുക (പാത്രത്തിന്റെ മുക്കാൽ ഭാഗം). എന്നിട്ടു അപ്പച്ചെമ്പിൽ (ഇഡലി പത്രത്തിൽ) ആവിയിൽ പുഴുങ്ങുക.
ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും കിസ്മിസും ഇട്ടു മൂപ്പിച്ചു എടുക്കുക. അപ്പം പാതി വെന്തു കഴിയുമ്പോൾ അപ്പച്ചെമ്പിന്റെ (ഇഡലി പത്രത്തിന്റെ) അടപ്പു മാറ്റി അപ്പത്തിന്റെ മുകളിൽ അണ്ടിപരിപ്പും കിസ്മിസും നിരത്തി അലങ്കരിക്കുക. വീണ്ടും അടച്ചു ആവിയിൽ പുഴുങ്ങി എടുക്കുക വട്ടയപ്പം റെഡി.
*NB :
1) യീസ്റ്റ് കാൽ ടീസ്പൂൺ എന്ന് പറഞ്ഞു എങ്കിലും ചില യീസ്റ്റ് അൽപ്പം ഇട്ടാലും അതിന്റെ രുചി എടുത്തു കാണിക്കും.
അത് കൊണ്ട് പരമാവധി യീസ്റ്റ് കുറക്കാൻ നോക്കുക. യീസ്റ്റ് പൊങ്ങാൻ വെക്കുമ്പോൾ നന്നായി പൊങ്ങിയില്ലങ്കിൽ ആ യീസ്റ്റ്
കേടാണ് അത് ചേർക്കാതെ ഇരിക്കുക.
2) തേങ്ങയും, കരിക്കും സുലഭമായി കിട്ടുന്ന ഇടത്താണെങ്കിൽ അരി കുതിർക്കാൻ ഇടുമ്പോൾ തന്നെ ഒരു 300ml കുപ്പിയിൽ
തേങ്ങാ വെള്ളമോ, കരിക്കിൻ വെള്ളമോ എടുക്കുക അതിൽ അഞ്ച് ടീസ്പൂൺ പഞ്ചസാര ചേർക്കുക നന്നായി കുലുക്കി കുപ്പി അടക്കുക. കുപ്പി മുറുക്കി അടക്കരുത്, മുക്കാൽ ഭാഗമേ അടക്കാവു. മുക്കാൽ ഭാഗമേ കരിക്കിൻ / തേങ്ങ വെള്ളം നിറക്കാവു.
ഏകദേശം അഞ്ചാറ് മണിക്കൂർ കഴിയുമ്പോൾ കരിക്കിൻ / തേങ്ങാവെള്ളം കള്ളായി തുടങ്ങും. ഈ വെള്ളം ഒഴിച്ച് അരി അരക്കുക. ഇതിൽ രണ്ടു തരി യീസ്റ്റ് കൂടി ഇട്ടാൽ നന്നായി കള്ളു പുളിക്കും. രണ്ടു തരിയെ ഇടാവു. യീസ്റ്റ് കൂടിയാൽ വട്ടയപ്പം കുളം ആക്കും.
3) ശർക്കര പാനിയാക്കുന്നതു:
ശർക്കര ഘനം കുറച്ചു ചീകി എടുക്കുക. (ശർക്കര പൊടി ഇപ്പോൾ കിട്ടും അത് ആയാലും മതി). ചുവടു കട്ടിയുള്ള ഒരു പത്രം അടുപ്പിൽ വെക്കുക അതിലേക് ശർക്കര ചീകിയതു ഇടുക അൽപ്പം വെള്ളം ഒഴിക്കുക (വെള്ളം കൂടി പോകരുത്, മൂന്നുതൊട്ട് അഞ്ച് ടേബിൾ സ്പൂൺ വെള്ളം). തീ കുറച്ചു നന്നായി ഇളക്കുക. ശർക്കര അലിഞ്ഞു വെള്ളമായി തിളച്ചു തുടങ്ങുമ്പോൾ പത വരും, പത മാറ്റി തീ ഓഫ് ആക്കി തണപ്പിക്കിക്കുക. (ഇതു വട്ടയപ്പത്തിനുള്ള ശർക്കര പാനിയാണ്, അല്ലാതെ ശർക്കര പാനി ആക്കുമ്പോൾ വെള്ളം അൽപ്പം കൂടി കൂട്ടി ഇളക്കി വെള്ളം വറ്റിച്ചു ശർക്കര മൂത്തു എടുക്കണം.)
4) ശർക്കരക്കു പകരം പഞ്ചസാര ചേർത്താലും മതി. പഞ്ചസാര ചേർത്താൽ വെളുത്ത നിറത്തിൽ വട്ടയപ്പം കിട്ടും, ശർക്കര ചേർത്താൽ അൽപ്പം മഞ്ഞ കലർന്ന ബ്രൗൺ നിറത്തിൽ വട്ടയപ്പം കിട്ടും.
5) അപ്പച്ചെമ്പിൽ (ഇഡ്ലിപാത്രത്തിന്റെ) വെള്ളം ഒഴിക്കാൻ മറക്കരുത്. അപ്പം വെന്തോ എന്ന് നോക്കുക്കത് ഒരു സ്പൂൺ എടുത്തു അപ്പത്തിൽ കുത്തി നോക്കുക. സ്പൂണിൽ മാവ് പറ്റിയില്ലെങ്കിൽ അപ്പം വെന്തു. മാവ് പറ്റിയാൽ ഇനിയും വേവാനുണ്ട്. പിന്നെ അപ്പം വെന്തു കഴിഞ്ഞാൽ അടപ്പു മാറ്റി വെക്കുകയോ, അപ്പ ചെമ്പിൽ നിന്ന് അപ്പം എടുത്തു മാറ്റുകയോ ചെയ്യണം, കാരണം ആവി വെള്ളം അപ്പത്തിൽ വീഴാതെ ഇരിക്കാനാണ്…