9 February, 2021
മുളപ്പിച്ച പയറും ക്യാരറ്റും കൂടി ഒരു വ്യത്യസ്ഥമായ ഒരു തോരൻ

ആവശ്യമുള്ള സാധനങ്ങൾ :
ക്യാരറ്റ് ഇടത്തരം രണ്ടണ്ണം
പയറ് മുളപ്പിച്ചത് ഒരു കപ്പ്
വെളുത്തുള്ളി ഇടത്തരം മൂന്നല്ലി
ജീരകം ഒരു നുള്ള്
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
പച്ചമുളക് മൂന്നെണ്ണം (എരിക്ക് അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
തേങ്ങാ അര മുറി ചിരകിയത്
കറിവേപ്പില ഒരു തണ്ട്
വറ്റൽ മുളക് ഒരെണ്ണം
വെളിച്ചെണ്ണ രണ്ട് സ്പൂൺ
കടുക് അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
വെള്ളം ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം :
ആദ്യം പയർ മുളപ്പിക്കുന്നത് എങ്ങനെ എന്ന് നോക്കാം
ചെറുപ്പയർ നന്നായി കഴുകിയ ശേഷം വെള്ളത്തിലിടുക. പയറിന്റെ ഇരട്ടി അളവിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. കാരണം പയർ വെള്ളം വലിച്ചെടുക്കും. 12 മണിക്കൂറിനു നന്നായി അടച്ചുവയ്ക്കണം, ശേഷം പയറിലെ വെള്ളം ഊറ്റിക്കളയുക. വീണ്ടും നല്ല വെള്ളത്തിൽ കഴുകുക. നല്ലതു പോലെ കുതിർന്ന പയർ ഒരു നനഞ്ഞ തുണിയിൽ കെട്ടിവെക്കകുക വീണ്ടും 12 മണിക്കൂർ കഴിയുമ്പോൾ പയർ മുളച്ചു തുടങ്ങും, അല്ലങ്കിൽ ഒരു അടപ്പുള്ള പരന്ന ഡപ്പിയിൽ (ഐസ് ക്രീം ഡപ്പി ആയാലും മതി ) ടിഷു പേപ്പറോ നനഞ്ഞ തുണിയോ ഇട്ട് അതിലേക്ക് കുതിർന്ന പയർ ഇട്ടു അടച്ചു വെക്കുക 12 മണിക്കൂർ കഴിയുമ്പോൾ പയർ മുളച്ചു തുടങ്ങും. അപ്പോൾ മുതൽ പയർ ഉപയോഗിക്കാം. അല്ലങ്കിൽ അൽപ്പം വെള്ളം തളിച്ച് വീണ്ടും അടച്ചു ഒരു ആറ് മണിക്കൂർ കൂടി വെക്കുക. ചെറുപയർ മുളപ്പിച്ചത് റെഡി.
ഇങ്ങനെ മുളപ്പിച്ച പയർ ഒരു അപ്പച്ചെമ്പിലോ, ഇഡലി പാത്രത്തിലോ വെച്ച് പതിനഞ്ചു മിനിറ്റ് ആവിയിൽ പുഴുങ്ങി മാറ്റിവെക്കുക. ക്യാരറ്റ് ചെറുതായി കൊത്തി അറിയുകയോ ഗ്രേറ്റ് ചെയ്തു എടുക്കുകയോ ചെയ്യുക. ചിരകിയ തേങ്ങയും, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞൾപ്പൊടി, ജീരകം എല്ലാംകൂടി ചതച്ചു എടുക്കുക. ചീനിച്ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിക്കുക, എണ്ണ ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിയശേഷം വറ്റൽ മുളക്കും കറിവേപ്പിലയും ഇടുക, അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ക്യാരറ്റ് ഇടുക കൂടെ അര കൈ വെള്ളവും ചേർത്ത് തീ കുറച്ചു അടച്ചു വെക്കുക. രണ്ട് മിനിറ്റ് കഴിഞ്ഞു അടപ്പുമാറ്റി ക്യാരറ്റ് നന്നായി ഇളക്കുക, അതിനു ശേഷം നടുക്ക് അൽപ്പം കുഴിച്ചു അതിലേക് ചതച്ചു വെച്ചിരിക്കുന്ന അരപ്പും അൽപ്പം വെള്ളവും ചേർത്ത് ക്യാരറ്റ് വെച്ച് അരപ്പ് പൊതിഞ്ഞു വീണ്ടും അടച്ചു മൂന്ന് മിനിറ്റ് വേവിക്കുക. വെള്ളം കൂടി പോകാതെ ശ്രദ്ധിക്കണം. അരപ്പ് വെന്ത് കഴിഞ്ഞാൽ അതിലേക്ക് പുഴുങ്ങി വെച്ചിരിക്കുന്ന പയറും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, അൽപ്പം വെളിച്ചെണ്ണ തൂകി വീണ്ടും അടച്ചു രണ്ടു മിനിറ്റ് വേവിക്കുക. തോരൻ റെഡി.
തീ കുറച്ചു വേണം തോരൻ വെക്കാൻ അല്ലങ്കിൽ അടിക്ക് പിടിച്ചു കരിഞ്ഞു പോക്കും. വെള്ളം കൂടി പോയാലും തോരൻ കുളമാക്കും.