10 February, 2021
ഇരുമ്പിപ്പുളിയിട്ട് മീൻ പീര പറ്റിച്ചത് :

ചേരുവകൾ
ചെറിയ മീൻ (പൊടിമീൻ ഏതായാലും കുഴപ്പമില്ല)- അര കിലോ
തേങ്ങ – അരമുറി (ചിരകിയത്)
ചെറിയ ഉള്ളി – പത്തെണ്ണം
ഇഞ്ചി- ഒരു കഷ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 8-10 (നെടുകെ പിളർന്നത്)
ഉലുവാപ്പൊടി – 1/4 ടീസ്പൂണ്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂണ്
കറിവേപ്പില – 2 തണ്ട്
ഇരുമ്പിപ്പുളി – 5 – 8 എണ്ണം
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 1/4 ടീസ്പൂണ്
പാകം ചെയ്യുന്ന വിധം
തേങ്ങ, ചെറിയ ഉള്ളി, മഞ്ഞൾപ്പൊടി എന്നിവ മിക്സിയിൽ അരച്ചെടുക്കുക. (കൂടുതൽ അരയരുത്.) ഈ അരപ്പ് ഒരു മണ്ചട്ടിയിൽ ഇട്ടു അല്പം വെള്ളം ചേർത്ത് കലക്കുക (വെള്ളം അധികം ആക്കരുത്). ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചെറിയ മീൻ , ഉലുവാപ്പൊടി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി അരിഞ്ഞത്, ഇരുമ്പിപ്പുളി (നാലായി മുറിച്ചു ), ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി അടുപ്പിൽ വക്കുക. തിളച്ചു വരുമ്പോൾ ചട്ടി ഒന്ന് വട്ടം ചുറ്റിക്കുകയോ തവി ഉപയോഗിച്ച് ഇളക്കുകയോ ചെയ്ത ശേഷം തീ കുറയ്ക്കുക. ഇളക്കുമ്പോൾ മീൻകഷണങ്ങൾ പൊടിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം. മീൻ വെന്തു വെള്ളം വറ്റി തോരൻപോലെയാകുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കാം. മീൻ പീര പറ്റിച്ചത് റെഡി. വെള്ളം വറ്റി അടിക്ക് പിടിക്കാതെ ശ്രദ്ധിക്കണം.
NB: ചെറിയ മീൻ / പൊടിമീൻ എന്ന് പറയുന്നത് നെത്തോലി, അയല കുഞ്ഞു, മത്തി കുഞ്ഞു, താടാ, മാണുങ്ങു, അങനെ ഏതു മീനും ആകാം
പച്ചമുളക് എരിക്ക് അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം, അത് പോലെ തന്നെ പുളിയും.
പച്ചമുളകിനു പകരം കാന്താരി മുളകായൽ പീര അടിപൊളി.
പീരക്ക് മഞ്ഞ നിറം അല്ലാതെ ഓറഞ്ച് നിറം വേണമെങ്കിൽ അൽപ്പം മുളക് പൊടി ചേർത്താൽ മതി.
ഇരുമ്പിപ്പുളിക്ക് പകരം, മാങ്ങയോ, കുടംപുളിയോ ചേർക്കാം.