10 February, 2021
കോഴി കരൾ മസാല:

കോഴിയുടെ കരൾ : അര കിലോ
സാവാള : ഇടത്തരം നാല്
വെളുത്തുള്ളി : എട്ടു അല്ലി
ഇഞ്ചി : ഇടത്തരം കഷ്ണം ഒന്ന്
തക്കാളി : ഇടത്തരം ഒന്ന്
മുളകുപൊടി : ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി : മുക്കാൽ ടീസ്പൂൺ
കുരുമുളക്പൊടി: ഒരു ടീസ്പൂൺ
മസാലപ്പൊടി: അര ടീസ്പൂൺ
പെരുംജീരകപ്പൊടി: അര ടീസ്പൂൺ
ഉപ്പ് ആവിശ്യത്തിന്
കറിവേപ്പില ഒരു തണ്ട്
എണ്ണ ആവിശ്യത്തിന്
വെള്ളം പാകത്തിന്
പാകം ചെയ്യുന്ന വിധം:
ആദ്യം കരൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും അൽപ്പം ഉപ്പും ചേർത്ത് കഴുകി എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് സവാള അരിഞ്ഞതും, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കൂടി ഇട്ടു നല്ലതുപോലെ വഴറ്റുക. അതിലേക്ക് കറിവേപ്പിലയും ഉപ്പും കൂടി ചേർത്ത് വഴറ്റുക. നല്ലതു പോലെ വഴന്നു വരുമ്പോൾ തീ കുറച്ചു വെച്ചിട്ട് മുളകുപൊടി,ബാക്കി മഞ്ഞൾപ്പൊടി, മസാലപ്പൊടി,പെരുംജീരകപ്പൊടി, എന്നിവ ചേർത്ത് വഴറ്റുക. പൊടി വകകൾ ചേർത്ത് അൽപ്പം മൂത്ത മണം വരുമ്പോൾ ഒരു കൈ വെള്ളം തളിക്കുക. അതിലേക്ക് തക്കാളി അരിഞ്ഞത് ചേർത്ത് ഒരു മിനിറ്റ് അടച്ചു വെച്ച് തക്കാളി വേവിക്കുക. തക്കാളി വെന്തു കഴിയുമ്പോൾ മസാല നന്നായി ഇളക്കുക. അതിനു ശേഷം കരൾ ഇതിലേക്കു ചേർക്കുക. അൽപ്പം വെള്ളമൊഴിച്ചു അടച്ചു വെച്ച് വേവിക്കുക. വെള്ളം കൂടാതെ നോക്കണം. കരൾ വേവാനുള്ള വെള്ളം അതിൽ നിന്ന് തന്നെ ഇറങ്ങും. ഇടക്ക് അടപ്പു മാറ്റി നല്ലതു പോലെ ഇളക്കുക അടിക്ക് പിടിക്കാതെ നോക്കണം. അഞ്ചു മിനിറ്റ് അടച്ചു വേവിച്ചാൽ കരൾ വേവും. കരൾ വെന്തു കഴിയുമ്പോൾ കുരുമുളക്പൊടി അതിന്റെ മുകളിൽ വിതറി ഇളക്കി എടുക്കുക. കരൾ മസാലാ റെഡി. ഇതു ചപ്പാത്തിയുടെയോ പൊറോട്ടയുടെയോ കൂടെ കഴിക്കാൻ നല്ലതാണ്.