12 February, 2021
ഉഴുന്നുവട:

ഉഴുന്ന് – അരകിലോ
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക്- 5 എണ്ണം
ചെറിയ ഉള്ളി – 15 എണ്ണം
കുരുമുളക് ചതച്ചത് – ഒന്നര ടീ സ്പൂൺ
കറിവേപ്പില- രണ്ട് തണ്ട്
ഉപ്പ് പാകത്തിന്
എണ്ണ വട വറത്തു കോരാൻ
വെള്ളം ഉഴുന്ന് അരയ്ക്കാൻ പാകത്തിന്
ഇനി ഉഴുന്നുവട ഉണ്ടാക്കുന്ന വിധം:
ഉഴുന്ന് മൂന്നു മണിക്കൂർ കുതിരാൻ ഇടുക. മൂന്ന് മണിക്കൂർ കഴിയുമ്പോൾ നല്ലതു പോലെ അരച്ച് എടുക്കുക. അരക്കുമ്പോൾ മാവ് വെള്ളമായി പോകാതെ പേസ്റ്റ് രൂപത്തിൽ വേണം അരച്ച് എടുക്കാൻ (വെള്ളം കൂടി പോകാതെ നോക്കണം). ഗ്രൈൻഡറിലോ, ആട്ടുകല്ലിലോ അരയ്ക്കുന്നതാണ് നല്ലതു എങ്കിലും മിക്സിയിലും അരക്കാം. മിക്സിയിൽ അരക്കുമ്പോൾ ചെറിയ ജാറിൽ അൽപ്പം അൽപ്പം ഉഴുന്ന് ഇട്ടു അരച്ചെടുക്കുക. തണുത്തവെള്ളം വേണം ചേർത്ത് കൊടുക്കാൻ. അങ്ങനെ പേസ്റ്റ് രൂപത്തിൽ അരച്ച മാവ് നല്ലതുപോലെ ഇളക്കുക. കൈയോ സ്പൂണോ ഉപയോഗിക്കാം. അതിനുശേഷം മൂന്ന് മണിക്കൂർ മാവ് അൽപ്പം പുളിക്കാൻ വെക്കുക. മൂന്ന് മണിക്കൂറിനു ശേഷം ഇഞ്ചി (ചതച്ചത്), പച്ചമുളക്, ഉള്ളി, കറിവേപ്പില (അരിഞ്ഞത്), കുരുമുളക്, ഉപ്പു എന്നിവ ചേർത്ത് നല്ലതു പോലെ മാവ് ഇളക്കുക. എന്നിട്ട് കൈയിൽ വെള്ളം പുരട്ടി മാവു എടുത്തു നടുക്ക് തുളയിട്ടു എണ്ണയിൽ വറത്തു കോരുക. ഉഴുന്നുവട റെഡി. നല്ല എരിയുള്ള തേങ്ങാ ചമ്മന്തി കൂട്ടി വട കഴിക്കാം… കൂടെ ഒരു നല്ല കാപ്പിയും ആവാം…. അപ്പോൾ ഇന്ന് വൈകിട്ട് നിങ്ങൾ ഉണ്ടാക്കി നോക്കുമല്ലോ അല്ലെ?
വട ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
അരകിലോ ഉഴുന്നിൽ കുറഞ്ഞത് ഇരുപതു തൊട്ട് ഇരുപത്തിയഞ്ചു വട വരെ ഉണ്ടാക്കാൻ പറ്റും.
വടയിൽ ഇഞ്ചി അരിഞ്ഞു ഇടുന്നതിലും നല്ലതു ചതച്ചത്തിന് ശേഷം പിച്ചിപ്പറിച്ചു ഇടുന്നതാണ്.
കുരുമുളക് ചതച്ചാണ് എടുക്കേണ്ടത്… പൊടിഞ്ഞു പോവല്ലേ… ചെറിയ ഉള്ളി കിട്ടിയില്ല എങ്കിൽ സവാള ഒരു ഇടത്തരം അരിഞ്ഞു ചേർക്കാം. ഉള്ളിച്ചേർത്തില്ലങ്കിലും കുഴപ്പമില്ല.
എരി അനുസരിച്ചു മുളക് കൂട്ടാം കുറക്കാം.
ഇനി അഥവാ വെള്ളം അൽപ്പം കൂടി പോയാൽ രണ്ട് സ്പൂൺ അരിപ്പൊടി ചേർത്താൽ മതി. പക്ഷെ അരിപൊടി കൂടിയാൽ വട നല്ല കട്ടിയാക്കും… അതുകൊണ്ടു അരിപൊടി ചേർക്കാൻ ഇട വരുത്താതെ ഇരിക്കുക.
കറിവേപ്പില അരിഞ്ഞു ചേർത്താൽ രുചി കൂടും.
ഉഴുന്ന് കൂടുതൽ നേരം കുതിർന്നാൽ എണ്ണ കുടിക്കും.
മാവ് അൽപ്പം പുളിക്കാതെ ഉടനെ തന്നെ ഉണ്ടാക്കിയാൽ ഉഴുന്നിന്റെ കൈപ്പ് വടയിൽ ഉണ്ടാക്കും.