13 February, 2021
പിടിയും കോഴിക്കറിയും

ആവശ്യമായ ചേരുവകള്‍
അരിപൊടി-ഒരു കിലോ (പുട്ട് പൊടി)
തേങ്ങ ചിരകിയത്- ഒന്നര കപ്പു
ജീരകം- ഒരു സ്പൂണ്‍
വെളുത്തുള്ളി- പത്തെണ്ണം
ചുവന്നുള്ളി – അഞ്ച് എണ്ണം
ഉപ്പു-പാകത്തിന്
തേങ്ങാ പാല് ഒരു തേങ്ങയുടെ .
പാകം ചെയ്യുന്ന വിധം:
അരിപൊടി നല്ലതു പോലെ വറത്തു എടുക്കുക. ചൂട് ആറി കഴിയുമ്പോൾ അതിലേക്ക് ചിരകിയ തേങ്ങാ ചേർത്ത് നല്ലതു പോലെ ഇളക്കി വെക്കുക. ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ നല്ലതു പോലെ ചതച്ചു എടുക്കുക. അതും അരിപൊടിയിൽ ഇട്ടു നന്നായി ഇളക്കുക. (അരിപൊടി അളന്നു എടുക്കുമ്പോൾ ഉദാഹരണത്തിന് ഒരു കപ്പ് അരിപൊടിക്ക് ഒന്നരകപ്പ് വെള്ളം എന്ന രീതിയിൽ വെള്ളം തിളപ്പിക്കുക.) വെള്ളത്തിൽ ആവിശ്യത്തിന് ഉപ്പു ചേർക്കുക. ചൂടായ വെള്ളം പൊടിയിൽ ഒഴിച്ച് മാവ് കുഴക്കുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്നത് പോലെ മാവ് കുഴച്ചെടുക്കുക. അതിനു ശേഷം ഒരു ചെറിയ നെല്ലിക്ക വലിപ്പത്തിൽ മാവ് ഉരുളകളാക്കി മാറ്റി വെക്കുക. ഒരു വലിയ ചരുവത്തിൽ വെള്ളം നല്ലതുപോലെ തിളപ്പിക്കുക അതിൽ ഈ ഉരുളകൾ ഇട്ടു വേവിച്ചു എടുക്കുക. വെള്ളം തിളച്ച ശേഷം മാത്രം ഉരുളകൾ ഇടുക. അല്ലങ്കിൽ ഉരുളകൾ വെള്ളത്തിൽ കലങ്ങി പോക്കും. പിടി നല്ലതു പോലെ വെന്തു കഴിയുമ്പോൾ അത് വെള്ളത്തിൽ നിന്ന് കോരി എടുത്തു തയാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാലിൽ ഇട്ടു ഒന്നുകൂടി വേവിക്കുക. അതിനുശേഷം വാങ്ങിവെക്കുക. പിടി റെഡി.
ഇനി കോഴിക്കറി
ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍ : ഒരു കിലോ
ഇഞ്ചി : ഒരു കഷണം
വെളുത്തുള്ളി : എട്ട് അല്ലി
പച്ചമുളക് : നാല് എണ്ണം
സവാള : മൂന്ന് എണ്ണം
കറിവേപ്പില : കുറച്ച്
മുളക്പൊടി(കാശ്മീരി) : ഒരു ടി.സ്പൂണ്‍
കുരുമുളക് പൊടി : ഒരു ടീസ്പൂൺ
മല്ലിപൊടി : രണ്ട് ടി.സ്പൂണ്‍
മസാലപ്പൊടി : ഒരു ടി.സ്പൂണ്‍
മഞ്ഞള്‍പൊടി : ഒരു ചെറിയ സ്പൂണ്‍
തേങ്ങാപ്പാല്‍ : ഒരു തേങ്ങയുടെ
ഉപ്പ് : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന് (വെളിച്ചെണ്ണ ആണ് നല്ലതു )
കറിവേപ്പില : കുറച്ചു
തയാറാക്കുന്ന വിധം :
ചിക്കന്‍ മുറിച്ചു കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക .
പാനിൽ എണ്ണ ഒഴിച്ച് സവാള കനം കുറച്ച് അരിഞ്ഞത് വഴറ്റുക
നന്നായി വഴന്നു വരുമ്പോള്‍ കുറച്ചു കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക
അതിലേക്കു ഇഞ്ചിയും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വഴറ്റുക
അതു വഴന്നു കഴിയുമ്പോള്‍ കുറച്ചു മുളകുപൊടിയും കുരുമുളക്പ്പൊടി മല്ലിപ്പൊടിയും മഞ്ഞള്‍പൊടിയും മസാലപ്പൊടി കുറച്ച് ഉപ്പും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. വഴന്ന് കഴിയുമ്പോള്‍ ചിക്കന്‍ ചേര്‍ത്ത് വഴറ്റുക . അതിനു ശേഷം രണ്ടാംപാലിൽ ചിക്കൻ വേവിക്കുക. ചിക്കൻ വെന്തു ചാറ് നല്ലതുപോലെ കുറുകി കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് ഇളക്കി ഇറക്കി വെക്കുക.
ഇപ്പോൾ പിടിയും കോഴിക്കറിയും റെഡി. ഇനി ചൂടോടെ വിളമ്പിക്കോ…..