"> ഇഞ്ചിപ്പുളി അഥവാ പുളിയിഞ്ചി : | Malayali Kitchen
HomeRecipes ഇഞ്ചിപ്പുളി അഥവാ പുളിയിഞ്ചി :

ഇഞ്ചിപ്പുളി അഥവാ പുളിയിഞ്ചി :

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ :
പുളി – അരക്കിലോ
ഇഞ്ചി – 150 ഗ്രാം
പച്ചമുളക്- പതിനഞ്ച് എണ്ണം
മുളകുപൊടി – മൂന്ന് ടീസ്പൂണ്
മഞ്ഞള്പ്പൊടി – ഒന്നര ടീസ്പൂണ്
കായം പൊടി – രണ്ട് ടീസ്പൂണ്
ശര്ക്കര – ആവശ്യത്തിന്
ഉലുവാപ്പൊടി – മൂന്ന് ടീസ്പൂണ്
ഉപ്പ് – പാകത്തിന്
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.
പാകം ചെയ്യുന്ന വിധം:
പുളി കുതിര്ത്ത് ചാറു മുഴുവന് പിഴിഞ്ഞെടുത്ത ശേഷം വെള്ളത്തില് കലക്കി അരിച്ചെടുത്തു വയ്ക്കുക.
ഇഞ്ചിയും പച്ചമുളകും പൊടിയായി അരിയുക.
ഇനി നല്ല കട്ടിയുള്ള ഒരു പാത്രത്തില് വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും മൂപ്പിച്ചശേഷം ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേര്ത്തിളക്കുക. (വെളിച്ചെണ്ണ പോരെങ്കില് കുറച്ചുകൂടി ഒഴിക്കാം). വേണമെങ്കില് സ്വല്പം ഉഴുന്നുപരിപ്പും ഉലുവയുമൊക്കെ ചേര്ക്കാം. നല്ല ബ്രൗണ് നിറമാകുന്നതുവരെ തുടര്ച്ചയായി ഇളക്കണം.
ഇതിലേക്ക് പുളിവെള്ളം ഒഴിച്ചിളക്കുക. പാകത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞള്പ്പൊടി, കായം എന്നിവയും ചേര്ക്കുക. ഇനി അതവിടെക്കിടന്ന് തിളച്ച് കുറുകട്ടെ. ഇടയ്ക്കൊന്ന് ഇളക്കിക്കൊടുത്താൽ മതി. പുളി ധാരാളം വെള്ളത്തില് കലക്കി, ചെറുതീയില്, ഏറെസമയമെടുത്ത് കുറുകുന്നതാണ് സ്വാദ്. കുറുകാന് തുടങ്ങുമ്പോള് ശര്ക്കര ചേര്ത്ത് അലിയിക്കുക. (കരടുണ്ടാവാന് സാധ്യതയുള്ള ശര്ക്കരയാണെങ്കില് കുറച്ചുവെള്ളത്തില് ഉരുക്കി അരിച്ചെടുത്ത ശേഷം ചേര്ക്കുന്നതായിരിക്കും നല്ലത്). ശര്ക്കര കുറേശ്ശെയായി ചേര്ത്ത് മധുരം നിങ്ങളുടെ പാകത്തിന് ക്രമീകരിക്കുക.എല്ലാം‌കൂടി യോജിച്ച് കുറുകാന് തുടങ്ങിയാല് വാങ്ങിവയ്ക്കാം. വല്ലാതെ കുറുകാന് നില്ക്കേണ്ട. കാരണം ഇത് തണുക്കുന്തോറും കുറച്ചുകൂടി കട്ടിയാവും.ചൂടൊന്നാറിയശേഷം ഉലുവാപ്പൊടികൂടി ചേര്ത്തിളക്കിക്കഴിഞ്ഞാല് പുളിയിഞ്ചി റെഡി! തണുക്കുന്തോറും സ്വാദ് കൂടുമെന്നതുകൊണ്ട് രണ്ടുദിവസം കഴിഞ്ഞിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്. പുളിയിഞ്ചി സദ്യകള്ക്കു മാത്രമേ ഉണ്ടാക്കാവൂ എന്നൊന്നുമില്ലാട്ടോ. സംഗതി ഫ്രിഡ്ജില് സ്റ്റോക്കുണ്ടെങ്കില് വലിയ ഉപകാരമാണ്. ഊണിനു പ്രത്യേകിച്ച് കറികളൊന്നും ഇല്ലാത്ത ദിവസം ഇതു തൈരും കൂട്ടി ശാപ്പിടാം. എനിയ്ക്കാണെങ്കില് ഇഡ്ഡലിയും പുളിയിഞ്ചിയും ഏറെയിഷ്ടമുള്ള കോമ്പിനേഷനാണ്. ഇനി എന്റെ വല്യമ്മയുടെ കണ്ടുപിടിത്തമായ ഒരുഗ്രന് പരിപാടിയുണ്ട്. എന്താണെന്നോ….? വറുത്ത പപ്പടക്കഷ്ണങ്ങള് പുളിയിഞ്ചിയില് മുക്കി അകത്താക്കുക!
NB: പുളിയിഞ്ചിക്ക് നല്ല മധുരമുള്ളത് ഇഷ്ടമാണെങ്കില് കാല്ക്കിലോ മുതല് അരക്കിലോ വരെ ചേര്ക്കാം. മധുരം കുറവു മതിയെങ്കില് വളരെ കുറച്ചുമാത്രം ചേര്ത്താല് മതി.

Leave a Reply

Your email address will not be published. Required fields are marked *