16 February, 2021
അവൽ ഇഡ്ഡലി

അവൽ ഒരു പിടി വാരി ബൌളിലെക്കിട്ടു. ഒരു കുഞ്ഞു സവാളയും പച്ചമുളകും ഇത്തിരി ഇഞ്ചിയും കുനുകുനാ അരിഞ്ഞ് ചേർത്തു. കൂടെ രണ്ടു സ്പൂൺ റവയും. എന്നിട്ട് ഇത്തിരി വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്തു. അവൽ നന്നായി കുഴഞ്ഞോളും. അപ്പോ അതിൽ എന്തേലുമൊക്കെ പച്ചക്കറികൾ വെട്ടിയരിഞ്ഞിടാൻ തോന്നി. ഫ്രിഡ്ജിൽ തപ്പീപ്പോ നോ രക്ഷ. ഒറ്റ പച്ചക്കറി പോലുമില്ല. (നമ്മളെന്തേലും വാങ്ങിച്ചു വച്ചാലല്ലേ ഫ്രിഡ്ജ് തുറക്കുമ്പോ വല്ലോം കിട്ടൂ, അല്ലാണ്ട് അതിന്റകത്ത് സ്വന്തമായി കൃഷിയൊന്നുമില്ലല്ലോ 🙁 ) . ഹ്ം അതെന്തേലുമാവട്ടെ. ഒന്നൂടെ ആഞ്ഞു തപ്പീപ്പോ ഇന്നലത്തെ പച്ചപ്പയർ മെഴുക്കുപെരട്ടീടെ ബാക്കി കുറച്ചിരിക്കുന്നു. പിന്നെന്ത് നോക്കാൻ. അതും കൂടി എടുത്ത് മോളിൽത്തെ കൂട്ടിലേക്കിട്ട് ഇളക്കി യോജിപ്പിച്ചു. എന്നിട്ട് ഒരു കുഞ്ഞു മൈക്രോവേവ് ബൌളിൽ കുത്തിനിറച്ച് 5 മിനിട്ടു നേരം ഫുൾ പവറിൽ വച്ചെടുത്തു. അതിനെ എടുത്ത് ഒരു പ്ലേറ്റിലെക്ക് മറിച്ചിട്ടപ്പം അതാ ഒരു അവൽ ഇഡ്ഡലി പുഞ്ചിരി തൂകിക്കൊണ്ടു ജിൽ ജില്ലെന്ന് നിൽക്കുന്നു