"> കോഴി നിറച്ചത് | Malayali Kitchen
HomeRecipes കോഴി നിറച്ചത്

കോഴി നിറച്ചത്

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്‍

 

 • ചിക്കന്‍ – 800 ഗ്രാം
 • സവാള – മൂന്നെണ്ണം
 • തക്കാളി – രണ്ട്
 • പേരും ജീരകം, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടേബിള്‍ സ്പൂണ്‍
 • പച്ചമുളക് – മൂന്ന്
 • കുരുമുളക് പൊടി – അര ടീസ്പൂണ്‍
 • ഗരം മസാല പൊടിച്ചത് – അര ടീസ്പൂണ്‍
 • മുളക് പൊടി – ഒരു ടീസ്പൂണ്‍
 • മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
 • മല്ലിപ്പൊടി – ഒന്നര ടീസ്പൂണ്‍
 • ഉപ്പ് – ആവശ്യത്തിന്
 • വേപ്പില,മല്ലിയില – ആവശ്യത്തിന്
 • ഓയില്‍ – രണ്ട് ടേബിള്‍ സ്പൂണ്‍
 • കോഴിമുട്ട – രണ്ടെണ്ണം പുഴുങ്ങിയത്

 

തയ്യാറാക്കുന്ന വിധം

ചിക്കന്‍ മുഴുവനോടെ വൃത്തിയാക്കി വയറിന്റെ ഭാഗമെല്ലാം ക്ലീന്‍ ചെയ്തു വെക്കുക. വെള്ളം വാര്‍ന്ന ചിക്കനില്‍ പാകത്തിന് മുളകും മഞ്ഞളും ഉപ്പും അല്‍പം വെള്ളത്തില്‍ കുഴച്ചു പേസ്റ്റ് രൂപത്തിലാക്കി നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കണം. ശേഷം ഒരു കുക്കറില്‍ ചിക്കനും അല്‍പം വെള്ളവും ഒഴിച്ച് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ തീ അണക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഓയില്‍ ഒഴിച്ച് അരിഞ്ഞു വെച്ച സവാളയും പച്ചമുളകും വഴറ്റുക. ഇത് പെട്ടന്നാവാന്‍ അല്‍പ്പം ഉപ്പ് ചേര്‍ക്കാം. തുടര്‍ന്ന് ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം പേസ്റ്റ്, വേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. മൂത്ത് കഴിഞ്ഞാല്‍ തക്കാളി ചേര്‍ത്ത് ഉടഞ്ഞു ചേരും വരെ നന്നായി വഴറ്റി കൊടുക്കണം.

മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്തും പച്ചമണം പോകുന്നത് വരെ വഴറ്റണം. ശേഷം അല്‍പം വെള്ളം ഒഴിച്ച് നല്ല പോലെ മിക്‌സ് ചെയ്തു പുഴുങ്ങിയ കോഴിമുട്ട ചേര്‍ത്ത് കൊടുക്കണം. ഇതിലേക്ക് മല്ലിയില അരിഞ്ഞതും ഗരം മസാല പൊടിയും ചേര്‍ത്ത് കൊടുക്കുക. ശേഷം ഇതില്‍ നിന്നും കോഴിമുട്ടകളും മസാലയും കുറച്ചെടുത്തു മാറ്റി വെക്കണം. പിന്നീട് വേവിച്ചു വെച്ച ചിക്കന്റെ വയറിലേക്ക് കോഴിമുട്ടയും മസാലയും നിറയ്ക്കുക. ശേഷം ചിക്കന്റെ വയറു തുന്നിക്കെട്ടുകയോ, കാലുകള്‍ പിരിച്ചു വെക്കുകയോ ആവാം. ഉള്ളില്‍ നിന്നും മസാല പുറത്തേക്കു വരാതെ സൂക്ഷിക്കണം. ഉണ്ടാക്കി വെച്ച മസാലയില്‍ ചിക്കന്‍ വേവാനുള്ള ഒന്നര കപ്പ് വെള്ളം കൂടി ഒഴിച്ച് ചെറു തീയില്‍ തിളപ്പിക്കുക. ഇതിലേക്ക് ചിക്കന്‍ ശ്രദ്ധിച്ചു മാറ്റുക.

ശേഷം മൂടി വെച്ച് വേവിക്കുക. ഇടയ്ക്കിടെ മൂടി മാറ്റി ചിക്കന്റെ എല്ലാ ഭാഗവും ഒരേ പോലെ തിരിച്ചും മറിച്ചുമിട്ടു വേവിക്കുക. ചിക്കന്‍ വെന്തു കറി പാകത്തിന് ആയാല്‍ കുരുമുളക് പൊടി ആവശ്യത്തിനു ഇട്ടു കൊടുക്കാം. മല്ലിയില അരിഞ്ഞതും വിതറി കൊടുക്കാം. ഇത് ചൂടോടെ പത്തിരി, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *