11 April, 2021
വട്ടയപ്പം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് വട്ടയപ്പം. സാധാരണ പഞ്ചസാര ചേർത്താണ് വട്ടയപ്പം തയ്യാറാക്കുന്നത്.കപ്പി കാച്ചാതെ, പഞ്ചസാര ചേർക്കാതെ, ശർക്കര ചേർത്ത് രുചികരമായ വട്ടയപ്പം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകൾ
പച്ചരി -ഒന്നേകാൽ കപ്പ്
ഏലയ്ക്ക -3
തേങ്ങ ചിരകിയത് -ഒരു കപ്പ്
ചോറ് -അരക്കപ്പ്
മഞ്ഞ ശർക്കര -150 ഗ്രാം
ഉപ്പ് -ഒരു നുള്ള്
യീസ്റ്റ് -അര ടീസ്പൂൺ
കരിക്കിൻ വെള്ളം- ആവശ്യത്തിന്
അണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
പച്ചരി നന്നായി കഴുകി നാല് മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഏലക്ക കൂടി പച്ചരിയുടെ കൂടെ ചേർത്ത് കുതിർക്കണം.
ശർക്കര അൽപം വെള്ളം ചേർത്ത് പാനിയാക്കി അരിച്ചു എടുക്കുക. മഞ്ഞ ശർക്കര ആണ് നല്ലത് .സാധാരണ ശർക്കര ആയാലും കുഴപ്പമില്ല.
അരിയിലെ വെള്ളം ഊറ്റി കളഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് തേങ്ങ ചിരകിയത്, ശർക്കര പാനി ,ചോറ്, മുക്കാൽ കപ്പ് കരിക്കിൻവെള്ളം ഇവ ചേർത്ത് മഷി പോലെ അരച്ചെടുക്കുക.
ഇതിലേക്ക് യീസ്റ്റും ,ബാക്കി തേങ്ങവെള്ളവും, കൂടി ചേർത്ത് ദോശമാവിനേക്കാൾ അല്പം കൂടി ലൂസായ പരുവത്തിൽ അരച്ചെടുക്കുക.
ഈ മാവ് നാലുമണിക്കൂർ പുളിച്ചു പോങ്ങാനായി മാറ്റിവയ്ക്കുക.
ഒരു സ്റ്റീൽ പിഞ്ഞാണത്തിൽ അൽപം നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക.ഈ പാത്രം ഫ്രിഡ്ജിൽ 10 മിനിറ്റ് വെച്ച് തണുപ്പിച്ച് എടുത്തു കഴിഞ്ഞാൽ അപ്പം പെട്ടെന്ന് ഇളകി വരും.
പത്രത്തിൻറെ മുക്കാൽ ഭാഗം വരെ മാവ് ഒഴിച്ച് ആവിയിൽ 30 മിനിറ്റ് വേവിക്കുക.10 മിനിറ്റ് ആയി കഴിയുമ്പോൾ തുറന്ന ശേഷം മുകളിൽ നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൊണ്ട് അലങ്കരിക്കുക. വീണ്ടും ആവിയിൽ 20 മിനിറ്റ് കൂടി വേവിക്കണം.
അല്പം തണുത്തതിനുശേഷം പാത്രത്തിൽനിന്നും ഇളക്കി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം.