"> മുതിര ചാറു കറി | Malayali Kitchen
HomeRecipes മുതിര ചാറു കറി

മുതിര ചാറു കറി

Posted in : Recipes on by : Vaishnavi

ഈ കറി പണ്ട് പണ്ട് തന്നെ എന്റെ വീട്ടിൽ നാട്ടിൽ ഒക്കെ ഉള്ളതാണ്,
മുതിര വേവിച്ച വെള്ളം ആണ് പ്രധാന ചേരുവ
പണ്ട് വീട്ടിൽ കൃഷി ഉണ്ടായിരുന്ന സമയത്ത് നിലം ഉഴാനുള്ള കാളകളും ഉണ്ടായിരുന്നു, ആ കാളകൾക്ക് രാവിലെ കൊടുത്തിരുന്ന ആഹാരം ആണ് ഈ മുതിര പുഴുങ്ങിയത്, ആ മുതിര പുഴിങ്ങിയതിന്റെ വെള്ളം ആണ് അന്ന് ഉപയോഗിച്ചിരുന്നത്, അന്നത്തെ ടേസ്റ്റ് ഒന്നും ഇപ്പോളത്തെ കറിക്ക് വരില്ല, കാരണം കാളക്ക് കൊടുക്കാൻ 5/6 കിലോ മുതിര ഒക്കെ പുഴുങ്ങിയാണ് എടുക്കുന്നത്, അതിന്റെ വെള്ളം ആകുമ്പോൾ ടേസ്റ്റ് കൂടും.. നമ്മൾക്ക് തത്കാലം കുറച്ച് മുതിര എടുത്ത് പുഴുങ്ങാം അപ്പോൾ റെസിപി കേട്ടോളൂ

മുതിര -ഒരു 250/300 gm (അല്ലെങ്കിൽ വേണ്ട അത്രയും)

മാങ്ങ -നല്ല പുളി ഉള്ളതാണെങ്കിൽ ഒന്ന് അല്ലെങ്കിൽ കൂടുതൽ വേണം(നല്ല പുളിയുള്ള നാട്ടുമാങ്ങാ ആണ് best, വീട്ടിൽ അങ്ങനെ ഒരു വലിയ മാവുണ്ട്)
കറി വേപ്പില -ഒരു തണ്ട്
മുളക് പൊടി-1 tbl സ്പൂണ്
മല്ലിപ്പൊടി-മുക്കാൽ tbl spn
കുരുമുളക്- 1 tble spn
തേങ്ങാ -അര മുറി
ചുവന്നുള്ളി -6 എണ്ണം
മഞ്ഞൾ പൊടി -കാൽ സ്പൂണ്
ഉലുവാപൊടി, കായപ്പൊടി അല്പം

താളിക്കാൻ
എണ്ണ
കടുക്
വറ്റൽമുളക്
ചുവന്നുള്ളി
കറിവേപ്പില

മുതിര വറുത്തു വെള്ളത്തിൽ കുതിരാൻ ഇടുക
നന്നായി കുതിർന്ന ശേഷം ഉപ്പിട്ട് ഏറെ വെള്ളം ചേർത്ത് പുഴുങ്ങുക
ശേഷം വെള്ളം മുഴുവൻ ഊറ്റി എടുക്കുക

ഒരു ചട്ടിയിൽ ഈ മുതിര വെന്ത വെള്ളം മാങ്ങാ അരിഞ്ഞതും കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിക്കുക(ഉപ്പു നോക്കി ചേർക്കണം, വെള്ളത്തിന് ഉപ്പുണ്ട്)

ഒരു ചീനച്ചട്ടിയിൽ മുളക്പൊടി മല്ലിപ്പൊടി കുരുമുളക് ചൂടാക്കുക(വറ്റൽ മുളകും മല്ലിയും ഉണ്ടെങ്കിൽ അതാവും കൂടുതൽ ടേസ്റ്റ്)
ഇത് തേങ്ങയിൽ ചേർത്ത്‌, ഒരു 3ൽ ഒന്ന് ഭാഗം മുതിര വെന്തതും ചുവന്നുള്ളിയും കൂടി ഇട്ട് നന്നായി അരയ്ക്കുക

ഈ അരപ്പ് വേവാൻ വെച്ച മാങ്ങാ മുതിര ചാറിലേക്ക് ചേർത്ത് ഇളക്കുക, നന്നായി കുറെ നേരം തിളപ്പിച്ച് ചാറ് അല്പം കുറുകുബോൾ ഉലുവാപൊടിയും കായപൊടിയും ചേർത്ത് സ്റ്റൗ ഓഫ് ആക്കാം

താളിക്കാൻ ഉള്ളത് എണ്ണയിൽ വറുത്ത് ചേർക്കാം
ഇത് നല്ല എരിവും പുളിയും എല്ലാം ഉള്ള കറി ആണ്, ചോറിന് വേറൊന്നും വേണ്ട

കുരുമുളകിന്റെ എരിവ് മാങ്ങയുടെ പുളി ഒക്കെ വ്യത്യസ്തതം ആയിരിക്കും, അത് അനുസരിച്ച് നോക്കി ചേർക്കണം

Leave a Reply

Your email address will not be published. Required fields are marked *