24 April, 2021
ഇറച്ചി പോള

മലബാറുകാരുടെ ഇഷ്ട വിഭവങ്ങളിൽ. ഒന്നാണ് ഇറച്ചി പോള. ഇന്ന് നമുക്ക് ‘ഇഫ്താർ സ്പെഷ്യൽ’ ഇറച്ചി പോള ഉണ്ടാക്കുന്നത് എങ്ങനെ എന്നു നോക്കാം.
മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ
***************
ബീഫ് – 250 ഗ്രാം മസാല ചേർത്ത് വേവിച്ചത്
സവാള പൊടിയായി അരിഞ്ഞത് – ഒന്ന്.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
പച്ചമുളക് – മൂന്ന്, വട്ടത്തിൽ അരിഞ്ഞത്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
കുരുമുളകുപൊടി
മഞ്ഞൾപൊടി
ഗരംമസാല പൗഡർ
മുളകുപൊടി
ബാറ്ററിനു വേണ്ട സാധനങ്ങൾ
*************
മുട്ട – 3
മൈദ – അരക്കപ്പ്
വെജിറ്റബിൾ ഓയിൽ – കാൽ കപ്പ്
പാല് – കാൽകപ്പ്
കുരുമുളകുപൊടി
ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി
ബേക്കിംഗ് പൗഡർ – കാൽ ടീസ്പൂൺ
തയ്യാർ ആക്കുന്ന വിധം
**********
ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ പൊടിയായി അരിഞ്ഞ സവാള ഇട്ട് നന്നായി വഴറ്റുക കൂടെ കറിവേപ്പിലയും വട്ടത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക.
മസാലക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് തീ കുറച്ചു വച്ച് പച്ചമണം മാറുന്നതു വരെ വീണ്ടും നന്നായി വഴറ്റുക.
നന്നായി വഴന്നു വന്നതിനുശേഷം അതിലോട്ട് ആവശ്യത്തിന് കുരുമുളകു പൊടിയും മുളകുപൊടിയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക.
എന്നിട്ട് അതിലോട്ട് വേവിച്ച് പൊടിച്ചു വെച്ചിരിക്കുന്ന ബീഫും ചേർത്തു നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുക,
അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ചേർത്ത് മിക്സ് ചെയ്യുക
ഇനി അടുത്തത് ആയിട്ട് ഇറച്ചി പോളക്ക് വേണ്ടിയുള്ള ബാറ്റർ ഒന്ന് റെഡിയാക്കി എടുക്കാം.
*****************
മൂന്ന് മുട്ട നന്നായിട്ട് ബീറ്റ് ചെയ്തെടുക്കുക.
അതിനുശേഷം അതിലോട്ട് കാൽ കപ്പ് പാലും കാൽ കാൽ കപ്പ് വെജിറ്റബിൾ ഓയിലും അര കപ്പ് മൈദയും ബേക്കിംഗ് പൗഡറും ചേർത്ത് മിക്സ് ചെയ്തതും ഒരു നുള്ള് മഞ്ഞൾപൊടിയും അര ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പും ചേർത്തതിനുശേഷം ഒരു തവി ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കാം.
എപ്പോൾ ഇറച്ചി പോള യുടെ ബാറ്റർ റെഡിയായിട്ടുണ്ട്.
ഇനി ഒരു പാനിലോട്ട് ആവശ്യത്തിന് എണ്ണ അല്ലെങ്കിൽ നെയ്യ് ഒഴിച്ച് ഒന്ന് ചൂടായി വരുമ്പോഴേക്ക് പാത്രത്തിൽ ചുറ്റിച്ച് എടുക്കുക.
ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്ററിൽ നിന്നും പകുതി കൂട്ട് ഒഴിക്കുക. ഇനി പാത്രം ഓരോ രണ്ടു മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.
അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മസാല നിരത്തി കൊടുക്കുക. അതിൻറെ മുകളിലോട്ട് ബാക്കിയുള്ള മുട്ടക്കൂട്ട് ഒഴിക്കുക. എന്നിട്ട് പാത്രം അടച്ച് ചെറുതീയിൽ വേവിച്ചെടുക്കുക.
ഒരു 15 -20 മിനിറ്റിന് ശേഷം പാത്രം തുറന്ന് പോള മറ്റൊരു പാനിലോട്ട് മറിച്ചിട്ട് ഒരു അഞ്ചു മിനിറ്റു കൂടി വേവിക്കുക.
നല്ല ടേസ്റ്റ് ആയ മസാല ഇറച്ചി പോള ഇപ്പോൾ റെഡിയായിട്ടുണ്ട്.