27 April, 2021
ഏത്തയ്ക്ക കുറുക്കു കാളൻ

ഒരു മൺചട്ടിയിൽ രണ്ട് പച്ചക്കായ ചതുരക്കഷണങ്ങളാക്കിയത്, ഒരു ഗ്രീൻ ആപ്പിൾ കഷണങ്ങളാക്കിയത് (ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി), ഒന്നര വലിയ സ്പൂൺ കശ്മീരി മുളകുപൊടി, അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ചെറിയ സ്പൂൺ ശർക്കര പൊടിച്ചത്, പാകത്തിന് ഉപ്പ്, ഒരു ചെറിയ സ്പൂൺ നെയ്യ് എന്നിവ നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വയ്ക്കുക.
ഇതിലേക്ക് പാകത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക.
കഷ്ണങ്ങൾ വെന്ത ശേഷം ഒരു തടി സ്പൂൺ ഉപയോഗിച്ച് മെല്ലെ ഉടച്ചു വയ്ക്കുക.
ഇതിലേക്ക് ഒരു പകുതി തേങ്ങ ചുരണ്ടിയത്, ഒരു ചെറിയ സ്പൂൺ ജീരകം, മുക്കാൽ ചെറിയ സ്പൂൺ കുരുമുളക്, രണ്ട് പച്ചമുളക് എന്നിവ വെള്ളം ചേർത്ത് മയത്തിൽ അരച്ചത് ചേർക്കുക.
ചെറുതീയിൽ തുടരെയിളക്കി 10-15 മിനിറ്റ് പാകം ചെയ്യുക. വെള്ളം വറ്റിവരണം.
ഇതിലേക്ക് ഒരു ലിറ്റർ പുളിയുള്ള തൈര് ചേർത്ത് ഉടൻതന്നെ അടുപ്പിൽ നിന്നു വാങ്ങുക.
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ഉലുവ, വറ്റൽ മുളക്, കറിവേപ്പില, കായം പൊടി, അല്പം കാശ്മീരി മുളകുപൊടി എന്നിവ മൂപ്പിച്ച് കാളനിൽ താളിച്ചൊഴിച്ചു വിളമ്പാം.
വടക്കൻ സദ്യയിലെ പ്രമാണിയാണ് കുറുക്ക് കാളൻ. ചേന ചേർത്തും കാളൻ തയ്യാറാക്കാം. ഇതിനൊപ്പം ഒരു ആപ്പിൾ (പച്ചയായാൽ നല്ലത്) ചേർത്താൽ വ്യത്യസ്ത രുചിയാണ്.