27 April, 2021
ബീഫ് വിന്താലു

ഒരു കിലോ ബീഫ് കഷണങ്ങളാക്കിയതിൽ ഒന്നര വലിയ സ്പൂൺ കശ്മീരി മുളകുപൊടിയും അര ചെറിയ സ്പൂൺ മഞ്ഞൾപൊടിയും ഒന്നര വലിയ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പാകത്തിന് ഉപ്പും പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.
വിന്താലു പേസ്റ്റ് തയാറാക്കാൻ 10 വെളുത്തുള്ളി അല്ലി, ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത്, ആറു ചുവന്നുള്ളി, 10-20 കശ്മീരി മുളക്, രണ്ടു ചെറിയ സ്പൂൺ വീതം കടുക്, ജീരകം, മല്ലി, നാലു ഗ്രാമ്പൂ, മൂന്ന് ഏലയ്ക്ക, ഒരു ചെറിയ കഷണം കറുവാപ്പട്ട, ഒരു ചെറിയ സ്പൂൺ കുരുമുളക് എന്നിവ 150 മല്ലി വിനാഗിരി ചേർത്ത് വയ്ക്കുക. ഇതിലേക്ക് ചെറുചൂടുവെള്ളം നികക്കെ ഒഴിച്ച് 12-18 മണിക്കൂർ കുതിർക്കണം. പിന്നീട് മയത്തിൽ അരച്ചെടുക്കുക.
ഒരു പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി നാലു സവാള പൊടിയായി അരിഞ്ഞതും മൂന്നു കറുവയിലയും ചേർത്ത് ബ്രൗൺ നിറമാകും വരെ വഴറ്റുക. ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ബീഫ് ചേർത്തു പത്ത് മിനിറ്റ് വഴറ്റിയശേഷം അരച്ചു വച്ചിരിക്കുന്ന വിന്താലു പേസ്റ്റ് ചേർത്ത് ഇളക്കുക. രണ്ട് തക്കാളി അരച്ചതും ഒരു വലിയ സ്പൂൺ ടുമാറ്റോ പേസ്റ്റും കൂടി ചേർത്ത് നന്നായി ഇളക്കി പ്രഷർകുക്കർ മൂടിവച്ച് ബീഫ് വേവിക്കുക. വെന്ത ബീഫിലേക്ക് ഒരു ചെറിയ സ്പൂൺ ബ്രൗൺ ഷുഗറോ ശർക്കര പൊടിച്ചതോ ചേർത്ത് ചാറു കുറുകി വരുന്ന പാകത്തിൽ ചൂടോടെ വിളമ്പാം.
എരിവും പുളിയും മധുരവും, ഇത് മൂന്നും ഇറച്ചിയുമായി ഒത്തുചേർന്നാൽ വിന്താലുവായി.. വിനാഗിരിയും വെളുത്തുള്ളിയും എന്നതിൽ നിന്നാണ് ഈ പേര് വന്നത്. അല്ലാതെ പലരും കരുതുന്നപോലെ ഉരുളക്കിഴങ്ങുമായി ഈ വിഭവത്തിന് യാതൊരു ബന്ധവുമില്ല.