27 April, 2021
പോച്ഡ് എഗ് റോസ്റ്റ്

ചുവടു കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി നാലു വെളുത്തുള്ളി ചതച്ചതും ഒരു ചെറിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇതിലേക്ക് ഒരു കിലോ സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയ ശേഷം മൂന്നു തക്കാളി പൊടിയായി അരിഞ്ഞതും ഒരു ചെറിയ സ്പൂൺ ടുമറ്റോ കെച്ചപ്പും ചേർത്ത് വഴറ്റുക. ഇതിലേക്ക് അര ചെറിയ സ്പൂൺ മഞ്ഞൾപൊടി, രണ്ടു വലിയ സ്പൂൺ കശ്മീരി മുളകുപൊടി, അര ചെറിയ സ്പൂൺ കുരുമുളകുപൊടി, ഒരു നുള്ള് പെരുംജീരകം എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. സവാള മിശ്രിതം നന്നായി വരണ്ടു വരുന്ന പാകത്തിൽ കറിവേപ്പിലയും രണ്ടു പച്ചമുളക് അരിഞ്ഞതും ചേർക്കുക. ഗരം മസാലപ്പൊടിയും മല്ലിയില അരിഞ്ഞതും ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങാം.
പോച്ഡ് എഗ്ഗ് തയ്യാറാക്കാൻ ഒരു പാത്രത്തിൽ അൽപം വിനാഗിരി ചേർത്തു വെള്ളം തിളപ്പിക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് മുട്ടവെള്ള കട്ടിയാകുന്ന പരുവത്തിൽ (1-2 മിനിറ്റ്) സ്പൂൺ ഉപയോഗിച്ച് കോരിയെടുക്കാം. തയ്യാറാക്കിയ ഉള്ളിറോസ്റ്റിനു മുകളിൽ ഓരോ മുട്ട വീതം വച്ച് ഇടിയപ്പത്തിനൊപ്പം വിളമ്പാം.
കോഴിമുട്ടയെക്കാൾ താറാവിന്റെ മുട്ടയാണ് ഈ വിഭവം തയ്യാറാക്കാൻ നല്ലത്. ഗ്രേവി വേണമെങ്കിൽ അൽപം വെള്ളം കൂടി ചേർക്കാം.