30 April, 2021
ചീസ് സമോസ

1. ചെഡ്ഡർ ചീസ് – 200 ഗ്രാം
2. മൈദ – ഒരു കപ്പ്
വനസ്പതി – ഒന്നര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. വനസ്പതി – അൽപം
4. മൈദ – രണ്ടു വലിയ സ്പൂൺ
വെള്ളം – അൽപം
5. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
********
∙ ചീസ് 24 ചതുരക്കഷണങ്ങളായി മുറിച്ചു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്തു ചപ്പാത്തിക്കെന്ന പോലെ കുഴച്ചു വയ്ക്കുക.
∙ ഇനി കുഴച്ചു വച്ചിരിക്കുന്ന മൈദ ചെറിയ നെല്ലിക്കയുടെ വലുപ്പത്തിൽ ഉരുട്ടി പൊടി തൂവിയ തട്ടിൽ വച്ച് മൂന്നിഞ്ചു വട്ടത്തിൽ പൂരി പോലെ പരത്തി വയ്ക്കുക.
∙ ഓരോ പൂരിയും എടുത്തു മുകളിൽ ഒരു സ്പൂൺ വനസ്പതി ഉരുക്കിയതു നിരത്തി അതിനു മുകളിൽ പൊടി തൂവി മറ്റൊരു പൂരി കൊണ്ടു മൂടുക. ഇങ്ങനെ മുഴുവൻ പൂരികളും ചെയ്ത ശേഷം 10 മിനിറ്റ് വയ്ക്കുക.
∙ ഇനി ഓരോ സെറ്റ് പൂരിയെടുത്തു പൊടി തൂവിയ തട്ടിൽ വച്ചു ചപ്പാത്തിക്കെന്ന പോലെ പരത്തി, ചൂടായ തവ യിലിട്ടു വാട്ടിയെടുക്കുക. നിറം മാറരുത്, വെന്തു പോവുകയുമരുത്. തവയിൽ നിന്നെടുത്തു രണ്ടായി അടർത്തി മാറ്റി വയ്ക്കുക.
∙ ഓരോ പൂരിയും എടുത്ത് ഇരുവശത്തു നിന്നും കാൽ ഇഞ്ചു വീതിയിൽ മുറിച്ചു മാറ്റുക. ബാക്കി ഭാഗം രണ്ടായി മുറിക്കുക. ഓരോ പീസും എടുത്തു കോൺ ആകൃതിയിൽ മടക്കി, ഉള്ളിൽ ഒരു കഷണം ചീസ് വച്ച് ബാക്കി ഭാഗത്തു മൈദ കുഴച്ചതു പുരട്ടി മടക്കി ഒട്ടിച്ചു സമോസയുടെ ആകൃതിയിലാക്കുക.
∙ ചൂടായ എണ്ണയിൽ വറുത്തു കോരുക.