17 May, 2021
പാലട പ്രഥമൻ

–
ഉണക്കലരി പൊടി 80gm
വെളിച്ചെണ്ണ 25gm
വെള്ളം 1ഗ്ളാസ്
പാൽ 1 ലിറ്റർ
പഞ്ചസാര 250gm
അട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം..
ഉണക്കലരിപൊടി , വെളിച്ചെണ്ണ, വെള്ളം എന്നിവ നല്ലതു പോലെ കുഴച്ച് സാധാരണ അട ഉണ്ടാക്കുന്ന പരുവത്തിനേക്കാൾ കുറച്ചു ലൂസായി മാവു തയ്യാറാക്കുക.
അട ഉണ്ടാക്കാൻ ഞാലിപൂവൻ വാഴയില വേണം. വാഴയിലയുടെ പുറകു വശത്തു വളരെ കനം കുറച്ചു അടയുടെ മാവ് പരത്തുക. അതിനുശേഷം ഈർക്കിൽ കൊണ്ട് വരഞ്ഞു (വരയുമ്പോൾ ഇല കീറാതെ ശ്രദ്ധിക്കണം) തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് വാഴയില ഇടുക. ഇല മടക്കാതെ വേണം വെള്ളത്തിൽ ഇട്ടുകൊടുക്കേണ്ടത് . അട വെന്തു കഴിഞ്ഞാൽ ഇലയിൽ നിന്നും വിട്ടു വരും ഇതു കോരിയെടുത്തു തണുത്ത വെള്ളത്തിൽ ഇട്ടു മാറ്റിവെക്കുക.
ഒരു ഉരുളിയിൽ /കുക്കർ 1ഗ്ലാസ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് 1 ലിറ്റർ പാൽ ഒഴിച്ച് നന്നായി വെള്ളം വെട്ടുന്നത് വരെ തിളപ്പിക്കുക . ഇതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കുക . ഇതു നന്നായി കുറുകുന്നവരെ ഇളക്കിക്കൊണ്ടിരിക്കുക.
ഇനി നമുക്ക് അട ചേർക്കാം. അതിനുമുന്പേ അട നന്നായി കഴുകി അടയിലെ എണ്ണ മയം കളയണം. കഴുകി എടുത്താൽ അപ്പോൾതന്നെ പായസത്തിൽ ഇട്ട് കൊടുക്കണം . ഇനി ഒന്ന് തിള വന്നാൽ പാലട തയ്യാർ.
ഇതു ചൂടോടെ വിളമ്പുക.
ഇൻസ്റ്റന്റ് പാലടയുടെ പുറകെ പോകാതെ മായം ചേർക്കാത്ത സ്വാദിഷ്ടമായ ഈ പാലട പ്രഥമൻ ഉണ്ടാക്കി കഴിക്കുക