2 June, 2021
ഉലുവ കഞ്ഞി മാഹാത്മ്യം

മലയാളത്തിന്റെ നന്മയും ഐശ്വര്യവും മലയാളികളുടെ ആഹാരത്തിലും അലിഞ്ഞു ചേർന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഒരുവിധം എല്ലാ അസുഖങ്ങളിൽ നിന്നും നമ്മെ കാത്തു സൂക്ഷിച്ചതും ഔഷധമായിരുന്ന നമ്മുടെ തനത് ആഹാരശീലം തന്നെ ആയിരുന്നു. നമ്മുടെ അടുക്കളയിലെ ഉലുവ ആള് നിസ്സാരക്കാരൻ അല്ല വാതരോഗങ്ങള്‍ക്കും ഗര്‍ഭാശയരോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണത്. സ്ത്രീകൾക്ക് മാസമുറ കൃത്യമാകാനും അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കുറക്കാനും ഉലുവ സഹായിക്കും
ആരോഗ്യ സമ്പുഷ്ടമായ “ഉലുവ കഞ്ഞി” ഒരു കാലത്ത് ഗർഭിണികൾക്ക് കൊടുക്കുന്നതും പതിവ് ആയിരുന്നു. ഗർഭസ്ഥ ശിശുവിന് പുഷ്ടിയും ആരോഗ്യവും പ്രധാനം ചെയ്യുമെന്നാണ് പഴമക്കാർ പറയുന്നത്. അതിലിത്തിരി കാര്യമുണ്ട് താനും. എങ്ങനെയാണു മുക്കുവ കഞ്ഞി ഉണ്ടാക്കുന്നതെന്ന് നോക്കാം
രാവിലെ ആണ് കഞ്ഞി ഉണ്ടാക്കുന്നതെങ്കിൽ ഉലുവ തലേ ദിവസം വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിറ്റേന്ന് രാവിലെ വെള്ളമൂറ്റി കളഞ്ഞു വേവിക്കുക. ഉലുവയുടെ എട്ടിലൊരു ഭാഗം ഉണക്കലരിയും ചേര്‍ത്താണ് വേവിക്കേണ്ടത്. നന്നായി വെന്തുകഴിഞ്ഞാല്‍ മധുരം ആവശ്യമെങ്കിൽ ശര്‍ക്കര ചേര്‍ക്കാം. മധുരം വേണ്ടാത്തവര്‍ക്ക് ഉപ്പ് ചേര്‍ത്ത് കഴിക്കാം. നാളികേരം പിഴിഞ്ഞ പാൽ ചേർത്തിളക്കി കഞ്ഞി വാങ്ങുക. സ്വാദിന് ഒരു സ്പൂണ്‍ നെയ്യും ചേര്‍ക്കാം.
ഉലുവക്കഞ്ഞി രാവിലെ കഴിക്കുന്നതാണ് ഉത്തമം. പ്രഭാതഭക്ഷണത്തിന് പകരമായും ഉപയോഗിക്കാം. ഉലുവ ദഹനശേഷി കൂട്ടുന്നതാണെങ്കിലും അമിതമായി വാരിവലിച്ച് കഴിക്കരുത്. ദഹനക്കേടുണ്ടാകാൻ സാധ്യതയുണ്ട്.. സാധാരണ ഭക്ഷണത്തിനൊപ്പം ഒരു കപ്പ് കഞ്ഞി എന്ന അളവാണ് നല്ലത്. രണ്ടോ മൂന്നോ നേരത്തേക്കായിട്ട് കഞ്ഞി ഒന്നിച്ച് ഉണ്ടാക്കരുത്. ഉണ്ടാക്കി ചൂടോടെ കഴിക്കുന്നതാണ് ഫലപ്രദം