24 June, 2021
വരരുചി വിശേഷിപ്പിച്ച ഇഞ്ചിക്കറി

മഹാപണ്ഡിതനായ വരരുചി നൂറ്റിയെട്ടു കറികൾക്ക് പകരം എന്ന് വിശേഷിപ്പിച്ച ഒരു കറിയുണ്ട് അതുമറ്റൊന്നുമല്ല ഇഞ്ചിക്കറിയാണ്. നൂറ്റിയെട്ടു കറികൂടിയുള്ള ഊണ് ചോദിച്ചെത്തിയ വരരുചിക്ക് ഇഞ്ചിക്കറി കൂട്ടി ചോറ് നൽകിയ പഞ്ചമിയുടെ ബുദ്ധി സമർഥ്യത്തിൽ ആകൃഷ്ടനായി പഞ്ചമിയെ തന്നെ സഖിയാക്കിയ കഥ പുരാണം. വർത്തമാനകാലത്തും ഇഞ്ചിക്ക് തുല്യം ഇഞ്ചി മാത്രം.
ഒരാഴ്ച്ച വരെ കേടുകൂടാതെ ഉപയോഗിക്കാൻ കഴിയുന്ന ഇഞ്ചിക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം . ഇതിനാവശ്യമായ സാധനങ്ങളാണ് ഇഞ്ചി , തേങ്ങാ , പച്ചമുളക് , മുളക് പൊടി , മല്ലി പൊടി , മഞ്ഞൾപ്പൊടി , വറ്റൽമുളക് , ചെറിയ ഉള്ളി , ഉപ്പ് , വെള്ളം , വെളിച്ചെണ്ണ , പുളി വെള്ളം , ശർക്കര(അല്പം മധുരത്തിന്) , കറിവേപ്പില എന്നിവ . ചുവടുകട്ടിയുള്ള ഒരു പാനിൽ തേങ്ങാ വറുത്തെടുത്ത ശേഷം മുളകുപൊടി , മഞ്ഞൾപ്പൊടി , മല്ലിപ്പൊടി എന്നിവ മൂപ്പിച്ച് അരച്ചെടുക്കുക . ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചി ചൂടായ വെളിച്ചെണ്ണയിൽ നല്ലതുപോലെ മൂപ്പിച്ച് അരച്ച തേങ്ങായും ആവശ്യത്തിന് വെള്ളവും ഉപ്പും പുളി വെള്ളവും ശർക്കരയും ചേർത്ത് തിളപ്പിക്കുക . ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽമുളകും മൂപ്പിച്ച് കറിയിൽ ചേർക്കുക.