27 September, 2021
ഗോതമ്പ് ഉണ്ട

ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പ് പൊടി – 2 കപ്പ്
ഉപ്പ് – ഒരു നുള്ള്
വെളിച്ചെണ്ണ – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
പച്ചമുളക് – 3 എണ്ണം
തേങ്ങ ചിരകിയത് – അര കപ്പ്
ചുമന്നുള്ളി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പ്പൊടി ചപ്പാത്തിയ്ക്ക് കുഴക്കുന്ന പരുവത്തിൽ തയ്യാറാക്കുക. ആ മാവിന് മുകളിലൂടെ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഒന്നൂടെ മയപ്പെടുത്തിവെക്കാം. ശേഷം ചെറിയ ചെറിയ ഉരുളകളാക്കി ആ മാവിനെ മാറ്റിയെടുക്കണം. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുത്ത് തിളപ്പിക്കുക. അങ്ങനെ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് തയ്യാറാക്കിവെച്ച ഉണ്ടകൾ ഓരോന്നായി എടുത്തിടുക.
ഇത് വെന്ത് വരുമ്പോഴേക്കും ചേർക്കാനുള്ള അരപ്പ് തയ്യാറാക്കണം. അതിനു വേണ്ടി ചിരകി വെച്ച തേങ്ങയും പച്ചമുളകും ചുവന്നുള്ളിയും ചേർത്ത് ചതച്ചെടുക്കാം. അഞ്ചു മിനിട്ട് വേവിച്ചതിനു ശേഷം ഉണ്ടകൾ വെള്ളത്തിൽ നിന്നും ഊറ്റിവെക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോഴേക്കും വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കാം. ചതച്ചെടുത്ത തേങ്ങയും കൂടെ ചേർത്ത് ഇളക്കി കൊടുക്കണം. അതിലേക്ക് എടുത്തുവെച്ച ഉണ്ടകൾ ചേർക്കാം. കുറച്ച് ഉപ്പ് കൂടെ ചേർത്ത് ഇളക്കികൊടുക്കാം. രണ്ട് മിനിറ്റ് ശേഷം അടുപ്പിൽ നിന്നും ഇറക്കിവെക്കാം. ചെറു ചൂടോടെ ഈ പലഹാരം കഴിക്കണം.