30 September, 2021
തായ് ഗ്രീൻ ചിക്കൻ കറി

ചേരുവകൾ:
ചിക്കൻ ബ്രെസ്റ്റ് – 100 ഗ്രാം
കടലെണ്ണ – 2 ടേബ്ൾ സ്പൂൺ
കൂൺ (ഓറിയൻറൽ മഷ്റൂം) – 20 ഗ്രാം
തേങ്ങാപ്പാൽ – 100 മില്ലി
ചിക്കൻ സ്റ്റോക്ക് – 50 മില്ലി
നാരങ്ങയില – 6 എണ്ണം
തായ് വഴുതിന – ഒന്ന് (ഉണ്ട വഴുതിന ഉപയോഗിക്കാം)
ഫിഷ് സോസ് – 2 ടേബ്ൾ സ്പൂൺ
കറിക്കുവേണ്ട ചേരുവകൾ
വെളുത്തുള്ളി – 4 എണ്ണം
ഇഞ്ചി – ഒരു കഷണം
ഉള്ളി – 4 എണ്ണം
മല്ലിത്തണ്ട് – 10 ഗ്രാം
ലെമൺഗ്രാസ് – 2 എണ്ണം (വേരിന് നേരെ മുകളിലുള്ള ഭാഗം ഉപയോഗിക്കുക)
പച്ച കാന്താരിമുളക് – 4 എണ്ണം
കടുക് – 1 ടീസ്പൂൺ
മല്ലി (വറുത്തത്) – 2 ടീസ്പൂൺ
ചോളം (വറുത്തത്) – 1 ടീസ്പൂൺ
മല്ലിയില – 1/2 കപ്പ്
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം:
കറിക്കുവേണ്ടി ഇഞ്ചി, ഉള്ളി, വെളുത്തുള്ളി എന്നിവ അരച്ചെടുക്കുക. ലെമൺ ഗ്രാസിന്റ ഇലഭാഗം ഒഴിവാക്കി വേരിനോടു ചേർന്നുള്ള ഭാഗം കഷണങ്ങളാക്കിയതും കാന്താരിമുളക്, വറുത്തെടുത്ത കടുക്, മല്ലി, മല്ലിത്തണ്ട് എന്നിവയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഫിഷ് സോസും ചേർത്ത് ഇളക്കുക.
അടുത്തതായി ചിക്കൻ രണ്ടര സെന്റീമീറ്റർ നീളത്തിൽ മുറിച്ചുവെക്കുക. ശേഷം പാൻ ചൂടാക്കി എണ്ണയൊഴിച്ച് ചിക്കൻ നന്നായി വഴറ്റുക. 5 മുതൽ 7 മിനിറ്റുവരെ ചിക്കൻ ഇത്തരത്തിൽ വേവിക്കുക. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. കഷണങ്ങളാക്കിയ കൂനും (മഷ്റൂം) ഇതേപോലെ വഴറ്റിയെടുക്കുക.
ശേഷം പാനിൽ അൽപം എണ്ണയൊഴിച്ച് നേരത്തെ തയാറാക്കിയ ഗ്രീൻ പേസ്റ്റ് ചേർത്തിളക്കുക. 4–5 മിനിറ്റ് ചെറുചൂടിൽ തിളപ്പിക്കുക. ശേഷം തേങ്ങാപ്പാലും 400 മില്ലി ചൂടുള്ള വെള്ളവും ചിക്കൻ സ്റ്റോക്കും ചേർത്തിളക്കുക.
നാരങ്ങയിലയിട്ട് 10 മിനിറ്റ് ചെറുചൂടിൽ കുറുകാൻ വെക്കുക. േഗ്രവി കുറുകി വരുമ്പോൾ വേവിച്ച ചിക്കനും കൂനും ഇട്ട് കൊടുക്കുക. തീ കുറച്ച് അഞ്ചു മിനിറ്റ് കൂടി വേവിച്ചെടുക്കാം. മല്ലിയിലയും പൊരിച്ചെടുത്ത വഴുതിനയും ഇട്ട് അലങ്കരിച്ച് വിളമ്പാം.