പാവയ്ക്ക പാൽ കറി

ചേരുവകൾ

പാവയ്ക്ക – 1 (250 ഗ്രാം)
ചെറിയ ഉള്ളി – 12 എണ്ണം
തക്കാളി – 1
പച്ചമുളക്‌ – 3 എണ്ണം
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
മുളകുപൊടി – 2 1/2 ടീസ്പൂൺ
തേങ്ങാ കൊത്ത് – ആവശ്യത്തിന്
ഒന്നാം പാൽ – 1/ 2 കപ്പ്
രണ്ടാം പാൽ – 1 1/ 2 കപ്പ്
ചൂടു വെള്ളം -1/ 2 കപ്പ്
കടുക് – 1/ 2 ടീസ്പൂൺ
വറ്റൽ മുളക് – 3 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാവയ്ക്ക കനം കുറച്ച് അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത പാവയ്ക്കയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ച് എടുക്കാം. ഒരു ഫ്രൈയിങ് പാൻ ചൂടാക്കി കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു പാവയ്ക്കാ ചേർത്തു വഴറ്റി ഡ്രൈയാക്കി എടുക്കണം. (ഇങ്ങനെ ചെയ്യുന്നതു പാവയ്ക്കയുടെ കൈയ്പ്പു കുറയ്ക്കാനാണ്). ഡ്രൈ ആയ പാവയ്ക്ക ഫ്രൈയിങ് പാനിൽ നിന്നും കോരി മാറ്റാം. അതേ പാനിലേക്കു കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായാൽ തേങ്ങാക്കൊത്തു ചേർത്തു ഫ്രൈ ചെയ്യാം. തേങ്ങാക്കൊത്തു ഫ്രൈ ആയാൽ ഇതിലേക്കു ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റുക. ഈ സമയത്തു കുറച്ചു ഉപ്പും കൂടി ചേർത്തു വഴറ്റിയാൽ വേഗം വഴന്നു കിട്ടും. ഉള്ളി വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു വഴറ്റുക. പൊടികളുടെ പച്ചമണം മാറിയാൽ തക്കാളി കൂടി ചേർത്തു യോജിപ്പിക്കാം.

തക്കാളി വേഗം വഴന്നു സോഫ്റ്റ് ആയാൽ കുറച്ചു ചൂടുവെള്ളം കൂടി ഒഴിച്ചു യോജിപ്പിച്ചു ഫ്രൈയിങ് പാൻ അടച്ചു വച്ചു വേവിക്കാം. ഫ്രൈയിങ് പാനിന്റെ മൂടി മാറ്റിയ ശേഷം പാവയ്ക്കാ കൂടി ചേർത്തു നന്നായി യോജിപ്പിക്കണം. ഇതിലേക്കു രണ്ടാം പാൽ ചേർത്ത് ഇളക്കി കൊടുക്കണം (പാൽ പിരിഞ്ഞു പോകാതിരിക്കാനാണ് ഇങ്ങനെ പതുക്കെ ഇളക്കി കൊടുക്കുന്നത്) പാൽ തിളച്ചു വരുമ്പോൾ ഉപ്പു നോക്കി ആവശ്യത്തിനു ചേർത്തു കൊടുക്കാം. ഗ്രേവി പാകത്തിനായാൽ ഒന്നാം പാൽ ചേർത്തു തിള വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. ഇനി ഒരു ചെറിയ ഫ്രൈയിങ് പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി ഇതിലേക്കു കടുകു ചേർത്തു കൊടുക്കുക. കടുകു പൊട്ടിയാൽ വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു മൂത്തു വരുമ്പോൾ പാവയ്ക്കാ കറിയിലേക്കു ഇതു ചേർത്തു കൊടുക്കാം. ടേസ്റ്റി പാവയ്ക്ക പാൽ കറി തയാറാക്കാം.

Leave a Reply

Your email address will not be published. Required fields are marked *