വീട്ടിൽ പഫ്സ് ഉണ്ടാക്കുന്നത് എങ്ങിനെയെന്നും നോക്കാം

ചേരുവകൾ:

മൈദ – 3 കപ്പ്
വെണ്ണ – 3 ടേബിൾസ്പൂൺ + ആവശ്യത്തിന്
പഞ്ചസാര – 3 ടേബിൾസ്പൂൺ
ഉപ്പ് – ½ ടീസ്പൂൺ
തണുത്ത വെള്ളം – ½ കപ്പ്

തയാറാക്കുന്ന വിധം:

ഒരു വലിയ പാത്രത്തിൽ മൈദയും പഞ്ചസാരയും ഉപ്പും ചേർത്തു നന്നായി ഇളക്കുക.
ഇതിലേക്കു വെണ്ണ ചേർത്തു പൊടിയും വെണ്ണയും കൂടി നന്നായി തിരുമ്മി യോജിപ്പിക്കുക (തണുപ്പുള്ള വെണ്ണ ആയിരിക്കണം).
ഇനി തണുത്ത വെള്ളം കുറേശ്ശെയായി ഒഴിച്ചു കുഴച്ച് ഒരു മാവ് ആക്കിയെടുക്കുക, ഒരു 2-3 മിനിറ്റ് വരെ മാത്രം കുഴയ്ക്കുക. അതിനുശേഷം നനഞ്ഞ തുണി ഉപയോഗിച്ച് മൂടി 10 മിനിറ്റ് മാറ്റി വയ്ക്കുക.
ഇനി വൃത്തിയുള്ള പ്രതലത്തിൽ കുറച്ചു പൊടി തൂകി മാവ് വച്ചതിനു ശേഷം സോഫ്റ്റ് ആകുന്നത് വരെ കുഴച്ചെടുക്കണം. വീണ്ടും നനഞ്ഞ തുണി ഉപയോഗിച്ച് മൂടി 20 മിനിറ്റ് മാറ്റി വയ്ക്കുക.
മാവു പൊടി തൂകിയ പ്രതലത്തിലേക്കു വച്ചുകൊടുക്കാം. ഒരു റോളിങ് പിൻ ഉപയോഗിച്ചു ദീർഘചതുരത്തിൽ പരത്തിയെടുക്കാം. ഇതിനു മുകളിൽ വെണ്ണ നന്നായി ബ്രഷ് ചെയ്തശേഷം, ഒരു വശം മധ്യഭാഗത്തേക്കു മടക്കുക, മറുവശം ആദ്യത്തെ മടക്കിനു മുകളിലേക്കു മടക്കി വയ്ക്കുക. വീണ്ടും മറ്റേ അറ്റം മധ്യഭാഗത്തേക്കു മടക്കുക, ശേഷിക്കുന്ന അറ്റം മറ്റേ മടക്കിനു മുകളിലേക്കു മടക്കി വയ്ക്കുക.
ഇനി ഒരു അലുമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ചു മൂടി അര മണിക്കൂർ ഫ്രിജിൽ വയ്ക്കുക. ഇങ്ങനെ മൂന്ന് തവണ കൂടി ആവർത്തിക്കുക. പഫ്സിന്റെ മാവ് തയാറായി. ഇനി പഫ്‌സിന്റെ മാവുപൊടി തൂകിയ ഒരു പ്രതലത്തിലേക്കു വച്ചു കൊടുത്തശേഷം ദീർഘചതുരത്തിൽ പരത്തിയെടുക്കാം. പരത്തിയ ഷീറ്റിന്റെ അരികുകൾ കട്ടു ചെയ്തു കളയാം. എന്നിട്ടു ഷീറ്റ് ചതുരങ്ങളായി മുറിക്കുക. നടുവിൽ ഫില്ലിങ് വച്ചു കൊടുത്തശേഷം കോണുകൾ മധ്യഭാഗത്തേക്കു മടക്കുക. അലൂമിനിയം ഫോയിൽ ഇട്ട ബേക്കിങ് ട്രേയിലേക്ക് ഇത് മാറ്റാം. (വെണ്ണ ഉരുകി ഷീറ്റുകൾ വളരെ സോഫ്റ്റായെങ്കിൽ 10 മിനിറ്റ് ഫ്രിജിൽ വയ്ക്കാം.)
ഇനി ഓരോന്നിനു മുകളിലും മുട്ട അടിച്ചത് ബ്രഷ് ചെയ്ത് കൊടുക്കാം. ഇത്‌ പ്രീഹീറ്റ് ചെയ്ത ഓവനിൽ 190℃ ചൂടിൽ 30 മിനിറ്റു നേരം ബേക്ക് ചെയ്തെടുക്കാം. ക്രിസ്‍പി ആയിട്ടുള്ള മുട്ട പഫ്സ് തയാറായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *