ചേരുവകൾ
മൈദ– ഒന്നര കപ്പ്
മുട്ട–2 എണ്ണം
പൊടിച്ച പഞ്ചസാര–1 കപ്പ്
വനില എസൻസ് – 1 ടീസ്പൂൺ
ബേക്കിങ് പൗഡർ–1 ടീസ്പൂൺ
ബേക്കിങ് സോഡ–അര ടീസ്പൂൺ
പാൽ–1 കപ്പ്
നെയ്യ് / റിഫൈൻഡ് ഓയിൽ– അരക്കപ്പ്
തയാറാക്കുന്ന വിധം
ആദ്യമായി ബാറ്റർ തയാറാക്കാം. ഇതിനായി മുട്ട മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്കു പൊടിച്ചുവച്ചിട്ടുള്ള പഞ്ചസാര ചേർക്കാം. അടുത്തതായി ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, വനില എസൻസ്, നെയ്യ് അല്ലെങ്കിൽ റിഫൈൻഡ് ഓയിൽ എന്നിവ കൂടി ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്കു മൈദ ചേർത്തു കൊടുക്കാം. ഇനി പാൽ ഒഴിച്ചുകൊടുക്കണം. എന്നിട്ട്, ഒന്നുകൂടി മിക്സിയിൽ അടിച്ചെടുത്താൽ ബാറ്റർ റെഡി. ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര കാരമലൈസ് ചെയ്തശേഷം ഒഴിച്ചുകൊടുക്കണം. (അൽപം വെള്ളമൊഴിച്ചു കുറുക്കി പഞ്ചസാരയുടെ നിറം ബ്രൗൺ ആവുന്നതു വരെ കാത്തിരുന്ന ശേഷം ചൂടുവെള്ളം ഒഴിച്ചാണു കാരമൽ തയാറാക്കുന്നത്. കരിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം. കേക്കിനു നല്ല ബ്രൗൺ നിറം ലഭിക്കുന്നതിനു വേണ്ടിയാണിത്).
ചൂടായ കുക്കറിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു തേച്ചെടുക്കണം.എന്നിട്ട്, ഇതിലേക്ക് കാരമൽ മിക്സ് ചെയ്ത ബാറ്റർ ഒഴിക്കുക. കുക്കറിന്റെ പകുതി ഭാഗത്തോളം മാത്രമേ ബാറ്റർ ഒഴിക്കാൻ പാടുള്ളൂ. അതിനുശേഷം കുക്കർ അടച്ചുവച്ചു ബേക്ക് ചെയ്യാം. ഏകദേശം 45–60 മിനിറ്റ് വരെയാണ് ബേക്ക് ചെയ്യേണ്ടത്. ഈ സമയം കുക്കറിന്റെ വെയ്റ്റ് വയ്ക്കേണ്ട ആവശ്യമില്ല. 10 മിനിറ്റ് കഴിഞ്ഞ് തുറന്നു നോക്കാം. പാകമായോ എന്നറിയാൻ കത്തി ഉപയോഗിച്ച് കുത്തി നോക്കുക. ഒട്ടിപ്പിടിക്കുന്നില്ലെങ്കിൽ കേക്ക് റെഡി. ഇതൊരു പ്ലേറ്റിലേക്ക് മാറ്റിയ ശേഷം കത്തി ഉപയോഗിച്ച് ഷേപ്പ് ചെയ്തെടുക്കാം. ഇനി മുറിച്ചു വിളമ്പാം.