ചെമ്മീൻ ഉണ്ട

ചേരുവകൾ

∙ അരിപ്പൊടി – 2 കപ്പ്
∙ ചെമ്മീൻ(കഴുകി വൃത്തിയാക്കിയത്) – ഒരു കപ്പ്
∙ മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ
∙ മുളകുപൊടി – ഒരു ടീ സ്പൂൺ
∙ കുരുമുളക് പൊടി – അര ടീ സ്പൂൺ
∙ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടീ സ്പൂൺ
∙ ഉപ്പ് – ഒരു ടീ സ്പൂൺ
∙ കടുക് – അര ടീ സ്പൂൺ
∙ പെരുംജീരകം – അര ടീ സ്പൂൺ
∙ സവാള – 2 വലുത് ചെറുതായി അരിഞ്ഞത്
∙ പച്ചമുളക് – രണ്ടെണ്ണം
∙ കറിവേപ്പില – ആവശ്യത്തിന്
∙ തേങ്ങ ചിരകിയത് – മുക്കാൽ കപ്പ്
∙ വെള്ളം – ആവശ്യത്തിന്
∙ വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ അരിപ്പൊടിയിലേക്ക് ആവശ്യമായ ചൂട് വെള്ളം ഒഴിച്ചു പത്തിരിയുടെയോ കൊഴുക്കട്ടയുടെയോ പാകത്തിന് കുഴച്ചെടുക്കുക. കുഴയ്ക്കുന്നതിനു മുൻപ് ഇതിലേക്ക് അൽപം ജീരകം കൂടി ചേർത്താൽ രുചി കൂടും. ചെമ്മീൻ മസാല തയാറാക്കിയതിനു ശേഷം മാവ് കുഴയ്ക്കുന്നതാണ് ഉചിതം. ഇല്ലെങ്കിൽ മാവിന്റെ മൃദുത്വം കുറയാൻ കാരണമായേക്കും.

∙ ചെമ്മീൻ മസാലയ്ക്കായി, ചെമ്മീൻ, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തു നന്നായി മാരിനേറ്റ് ചെയ്ത് 15–30 മിനിറ്റു വരെ അടച്ചു വയ്ക്കുക. ശേഷം ഇത് വറുത്തെടുക്കുക.

∙ ചെമ്മീൻ വറുത്ത ഫ്രൈയിങ് പാനിൽ വീണ്ടും അൽപം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കടുകും പെരുംജീരകവും ഇടുക. കടുക് പൊട്ടിയതിനു ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ചിരകി വച്ചിരിക്കുന്ന തേങ്ങ ചേർക്കാം. ആവശ്യമെങ്കിൽ അൽപം മുളകുപൊടി ഈ സമയം ചേർത്തിട്ട് നന്നായി ചേരുവകൾ മൂപ്പിച്ചെടുക്കുക. ശേഷം ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി യോജിപ്പിക്കുക. മസാലയുമായി ചെമ്മീൻ നന്നായി യോജിച്ചാൽ തണുക്കാനായി മാറ്റി വയ്ക്കുക.

∙ മിശ്രിതം തണുത്തു എന്ന് ഉറപ്പായതിനു ശേഷം ഒരു പിടി മാവ് എടുത്തു കൈയിൽ വച്ച് പരത്തി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ചെമ്മീൻ മസാല ചേർത്ത് നന്നായി ഉരുട്ടി എടുക്കുക. ഉരുട്ടിയെടുത്ത ഉണ്ടകളിൽ നിന്ന് മസാല പുറത്തു ചാടാതിരിക്കാൻ ശ്രദ്ധിക്കുക. ശേഷം 15 മുതൽ 25 മിനിറ്റ് വരെ ആവിയിൽ വേവിക്കുക. ശേഷം വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *