റെഡ് വെൽവെറ്റ് കേക്ക് പോപ്സ്

ചേരുവകൾ

മൈദ – 1½ കപ്പ്
കൊക്കോ പൗഡർ – 1 ടീസ്പൂൺ
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
ബേക്കിങ് സോഡാ – 2 നുള്ള്
ഉപ്പ് – ¼ ടീസ്പൂൺ
മുട്ട – 3
പൊടിച്ച പഞ്ചസാര – 1 കപ്പ് + 2 ടേബിൾസ്പൂൺ
വാനില എസൻസ് – 1 ടീസ്പൂൺ
ഓയിൽ – ¼ കപ്പ്
വെള്ളം ¼ കപ്പ്
ബട്ടർമിൽക്ക് – ½ കപ്പ്(½ കപ്പ് പാൽ +1 ടീസ്പൂൺ വിനഗിർ)
റെഡ് ഫുഡ് കളർ – 2-3 തുള്ളി
ക്രീം ചീസ് ഫ്രോസ്റ്റിങ് – ആവശ്യത്തിന്
വൈറ്റ് ചോക്ലേറ്റ് – 150 ഗ്രാം

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മൈദ, കൊക്കോ പൗഡർ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ, ഉപ്പ് എന്നിവ അരിച്ചെടുക്കുക.

ഇനി ഇത് മാറ്റിവച്ചു മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിക്കുക. മുട്ടയുടെ വെള്ളയിലേക്കു പൊടിച്ച പഞ്ചസാര കുറേശ്ശെയായി ചേർത്തു കട്ടിയാകുന്നതുവരെ അടിക്കുക. ഇത് മാറ്റിവച്ച ശേഷം മുട്ടയുടെ മഞ്ഞക്കരു രണ്ട് ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാര ചേർത്ത് ഇളക്കുക. വാനില എസ്സൻസ്, എണ്ണ, വെള്ളം, ബട്ടർമിൽക്ക്(½ കപ്പ് പാലിൽ 1 ടീസ്പൂൺ വിനാഗിരി ചേർത്താണ് ബട്ടർമിൽക്ക് തയാറാക്കുന്നത്) എന്നിവ ഓരോന്നായി ചേർക്കുക. ഇനി ഫുഡ് കളർ ചേർക്കാം.

ഇനി ഈ മിശ്രിതം നേരത്തെ അടിച്ചുവച്ചിരിക്കുന്ന വെള്ളയിലേക്കു കുറേശ്ശെയായി ചേർത്ത് ഇളക്കുക. ഇതിലേക്കു മൈദ മിശ്രിതം ചേർത്തു പതുക്കെ ഇളക്കിയെടുക്കാം. ബട്ടർ തടവി ബട്ടർ പേപ്പർ ഇട്ടുവച്ചിരിക്കുന്ന 6 ഇഞ്ച് കേക്ക് പാനിലേക്കു ബാറ്റർ ഒഴിക്കുക. ഒരു സ്ക്യുവർ വച്ച് ബാറ്ററിൽ ഒന്നു വരഞ്ഞു കൊടുക്കാം. ടിൻ 2-3 തവണ നിലത്തു തട്ടികൊടുക്കാം, ഇനി ഇത് ബേക്കിങിനായി എടുക്കാം (ഈ കേക്ക് 50 മിനിറ്റ് സ്റ്റൗ ടോപ്പിൽ ഒരു അലുമിനിയം പാത്രത്തിലാണ്‌ ബേക്ക് ചെയ്തിട്ടുള്ളത്).

തയ്യാറാക്കിയ കേക്ക് ചൂടാറിയ ശേഷം നന്നായി പൊടിച്ചെടുക്കണം. ഇനി ഇതിലേക്കു കുറച്ച് ക്രീം ചീസ് ഫ്രോസ്റ്റിങ് ചേർത്തു യോജിപ്പിക്കാം. ആവശ്യത്തിനു ഫ്രോസ്റ്റിങ് ചേർത്ത്, ഉരുട്ടുമ്പോൾ പൊട്ടിപോകാത്ത ഒരു പരുവമാക്കിയെടുക്കണം. ഇനി ഒരേ വലുപ്പമുള്ള ഉരുളകളാക്കി ഉരുട്ടിയെടുത്ത് ഒരു പ്ലേറ്റിലേക്കു വയ്ക്കാം. ഉരുക്കിയ വൈറ്റ് ചോക്ലേറ്റിൽ ഒരു പോപ്പ് സ്റ്റിക്ക്/ വുഡൻ സ്ക്യുവറിൽ കുത്തി, ഏകദേശം 1/2 ഇഞ്ച് മുക്കിയെടുക്കുക. ഇത് കേക്ക് ബോളിൽ കുത്തിവയ്ക്കാം. ഇനി ഇത് 20 മിനിറ്റ് ഫ്രീസ് ചെയ്യുക (കേക്ക് ബോളുകൾ ഫ്രീസ് ചെയുന്നത്, ഇവ ചോക്ലേറ്റിൽ മുക്കുമ്പോൾ വീഴാതിരിക്കാൻ സഹായിക്കും).

ഒരു ഗ്ലാസിൽ ഉരുക്കിയ ചോക്ലേറ്റ് എടുത്തു കേക്ക് ബോൾ പൂർണമായി ചോക്ലേറ്റിൽ മുക്കുക. അധികമുള്ള കോട്ടിങ് കളയുന്നതിനായി ഒന്നു പതുക്കെ തട്ടികൊടുക്കാം. ഒരു സ്റ്റൈറോഫോം ബ്ലോക്കിലേക്കോ ഒരു പെട്ടിയിലേക്കോ ഇത് നേരെ കുത്തി നിർത്താം. ഇനി ഇഷ്ടത്തിനനുസരിച്ച് മുകളിൽ അലങ്കരിക്കാം. കോട്ടിങ് പെട്ടെന്നു തന്നെ സെറ്റ് ആയിവരും, അല്ലെങ്കിൽ സെറ്റ് ആകുന്നതുവരെ ഇത് തണുപ്പിക്കാം. ഇപ്പോൾ റെഡ് വെൽവെറ്റ് കേക്ക് പോപ്സ് ഇവിടെ തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *