ബ്ലാക്ക് ഫോറസ്ററ് കേക്ക് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

ചേരുവകൾ

• മൈദാ – ¾ കപ്പ്
• കൊക്കോ പൗഡർ – 1/4 കപ്പ്
• ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
• ബേക്കിങ് സോഡ -1/4 ടീസ്പൂൺ
• ഉപ്പ് – ഒരു നുള്ള്
• പാൽ – ½ കപ്പ്
• വെണ്ണ – 100 ഗ്രാം
• പഞ്ചസാര – ¾ കപ്പ്
• മുട്ട – 2 എണ്ണം
• വാനില എസൻസ് – 1 ടീസ്പൂൺ
• പഞ്ചസാര – 1 കപ്പ്
• വെള്ളം – ¾ കപ്പ്
• വിപ്പിങ് ക്രീം – 2 കപ്പ്
• ഡാർക്ക് ചോക്ലേറ്റ് – ആവശ്യത്തിന്
• ചെറി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മൈദ, കൊക്കോ പൗഡർ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേർത്തു മൂന്നു തവണ അരിച്ചെടുത്തു വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ പാലും വെണ്ണയും കൂടി ചൂടാക്കാൻ ചെറിയ തീയിൽ വച്ചു കൊടുക്കുക. ഒരു ബൗളിൽ പഞ്ചസാരയും മുട്ടയും ചേർത്തു നന്നായി ബീറ്റ് ചെയ്യുക. ഒരു വിധം പതഞ്ഞു വരുമ്പോൾ വാനില എസ്സൻസ് കൂടി ചേർത്തു നന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഈ മിക്സിലേക്കു നേരത്തെ അരിച്ചു വച്ച മൈദ മിക്സ് കുറേശേ ചേർത്തു ഫോൾഡ് ചെയ്ത് എടുക്കുക. മൈദ മിക്സ് മുഴുവനും ചേർത്തു കഴിഞ്ഞാൽ ഈ ബാറ്ററിലേക്കു പാലും വെണ്ണയും ചൂടോടുകൂടി തന്നെ ഒഴിച്ചു നന്നായി യോജിപ്പിച്ചു കേക്ക് ബാറ്റർ തയാറാക്കി എടുക്കാം.

ഇനി ബട്ടർ പേപ്പർ വച്ച ഒരു കേക്ക് ടിന്നിലേക്കു കേക്ക് ബാറ്റർ ഒഴിച്ച് കൊടുക്കുക. ഇനി കേക്ക് ടിൻ ഒന്നു തട്ടി കൊടുക്കണം. ഒരു അലൂമിനിയം പാത്രം ഒരു തട്ടും കൂടി വച്ച് 10 മിനിറ്റ് മീഡിയം തീയിൽ ചൂടാക്കുക. കേക്ക് ടിൻ ഈ പാത്രത്തിലേക്ക് ഇറക്കി വച്ച് മൂടി വച്ച് അടച്ച ശേഷം മൂന്ന് മിനിറ്റ് ഹൈ ഫ്ളൈമിലും പിന്നെ മീഡിയം ഫ്ളൈമിലും കേക്ക് ബേക്ക് ചെയ്യുക. 50 മിനിറ്റ് കഴിഞ്ഞാൽ പാത്രം തുറന്നു ഒരു സ്റ്റിക് എടുത്തു കേക്ക് ഒന്ന് ബേക്ക് ആയോ എന്ന് നോക്കണം. (ഓരോ സ്റ്റോവിന്റെ ഫ്ളയിം അനുസരിച്ചു ബേക്കിങ് സമയം കുറച്ചു മാറ്റം വരാം) .സ്റ്റിക് ക്ലിയർ ആയി വന്നാൽ കേക്ക് റെഡി ആയി .ഇനി സ്റ്റോവ് ഓഫ് ചെയ്തു കേക്ക് തണുക്കാൻ വയ്ക്കാം . കേക്കിനു വേണ്ട പഞ്ചസാര സിറപ്പ് തയാറാക്കാം.

അതിനായി ഒരു ഫ്രൈയിങ് പാനിൽ ഒരു കപ്പ് പഞ്ചസാരയും മുക്കാൽ കപ്പു വെള്ളവും മൂന്ന് ചെറിയും കൂടി ചേർത്തു തിളപ്പിച്ചെടുത്ത് ഒന്നു തണുക്കാൻ വയ്ക്കാം. കേക്ക് മൂന്ന് ലയർ ആയി മുറിച്ചു വയ്ക്കുക. ഒരു ബൗളിലേക്കു 2 കപ്പ് വിപ്പിങ് ക്രീം ചേർത്തു നന്നായി ബീറ്റ് ചെയ്യുക. ഒരു കേക്ക് ബെയ്‌സ് ബോർഡ് എടുത്തു അതിനു മുകളിൽ അൽപ്പം വിപ്പിങ് ക്രീം തേച്ചു കൊടുക്കുക ഇതിനു മുകളിലേക്ക് ഒരു കഷ്ണം കേക്ക് വച്ച് കൊടുക്കുക. കേക്കിനു മുകളിൽ നേരത്തെ തയാറാക്കി വച്ച പഞ്ചസാര സിറപ്പ് നന്നായി ഒഴിച്ച് കൊടുക്കുക. ഇനി കേക്കിനു മുകളിലേക്ക് വിപ്പിംഗ് ക്രീം വച്ച് ഒന്ന് ലെവൽ ആക്കി എടുക്കണം .ഈ വിപ്പിങ് ക്രീമിന് മുകളിൽ ഡാർക്ക് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും ചെറി ചെറുതായി മുറിച്ചതും ഇട്ടു കൊടുക്കണം. ഇതിനു മുകളിൽ ആയി സെക്കൻഡ് ലയർ കേക്ക് വച്ച് കൊടുക്കുക. കേക്കിനുമുകളിൽ പഞ്ചസാര സിറപ്പ് നന്നായി ഒഴിച്ച് കൊടുക്കുക. വീണ്ടും വിപ്പിങ് ക്രീം വച്ച് ഒന്ന് ലെവൽ ആക്കി എടുക്കണം. വിപ്പിങ് ക്രീമിന് മുകളിൽ ഡാർക്ക് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും ചെറി ചെറുതായി മുറിച്ചതും ഇട്ടു കൊടുക്കണം. ഇനി ഇതിനു മുകളിൽ മൂന്നാമത്തെ ലെയർ കേക്ക് വച്ച് കൊടുക്കുക. കേക്കിനു മുകളിൽ പഞ്ചസാര സിറപ്പ് നന്നായി ഒഴിച്ചു കൊടുക്കുക. കേക്കിനു മുകളിലും സൈഡിലും ഫുൾ ആയി വിപ്പിങ് ക്രീം വച്ച് ഒന്ന് ലെവലാക്കി എടുക്കണം.

കേക്ക് ഒന്നു തണുക്കാൻ ഫ്രിജിൽ വയ്ക്കാം. ഫ്രിജിൽ നിന്നും എടുത്ത ശേഷം ഒന്നു കൂടി ലെവൽ ചെയ്യുക. ഇനി ഡാർക്ക് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് കേക്കിനു ചുറ്റും വച്ച് കൊടുക്കാം. വിപ്പിങ് ക്രീം ഡിസൈൻ അനുസരിച്ചുള്ള ഒരു നോസിൽ ഇട്ട പൈപ്പിംഗ് ബാഗിൽ ആക്കുക .ഇനി കേക്ക് ഫ്രിഡ്ജിൽ നിന്നും എടുത്തു കേക്കിനു മുകളിൽ വിപ്പിംഗ് ക്രീം വച്ച് ഡിസൈൻ ചെയ്യാം .കേക്കിനു മുകളിൽ കുറച്ചു ചെറി കൂടി വെച്ച് വെച്ച് അലങ്കരിക്കാം .കേക്ക് കുറച്ചു സമയം ഫ്രിജിൽ വച്ച് തണുപ്പിച്ച ശേഷം മുറിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *